സുരക്ഷാ ലംഘനങ്ങള്‍ക്ക് ബോയിംഗിന് 3.1 മില്യണ്‍ ഡോളര്‍ പിഴ

വാഷിംഗ്ടണ്‍ ∙ നിരവധി സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രശസ്ത വിമാന നിര്‍മാണ കമ്പനി ബോയിംഗിന് 3.1 മില്യണ്‍ ഡോളര്‍ പിഴ ചുമത്തുമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. 2023 അവസാനത്തെയും കഴിഞ്ഞ വര്‍ഷം തുടക്കത്തെയും ഇടവേളയിലാണ് കമ്പനി വിവിധ സുരക്ഷാ വീഴ്ചകള്‍ വരുത്തിയതെന്ന് എഫ്എഎ വ്യക്തമാക്കി.
വാഷിംഗ്ടണിലെ റെന്റണിലുള്ള ബോയിംഗിന്റെ ഫാക്ടറിയിലും കന്‍സാസിലെ വിചിതയിലെ പ്ലാന്റിലുമാണ് പരിശോധനകള്‍ നടന്നത്. ഇവിടെ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി എഫ്എഎയുടെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പറക്കാന്‍ യോഗ്യമല്ലാത്ത രണ്ട് വിമാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുള്ള ശ്രമം ബോയിംഗ് നടത്തിയതായും, കൂടാതെ ഡെലിവറി ഷെഡ്യൂള്‍ പാലിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു വിമാനത്തിന് യോഗ്യത നല്‍കാന്‍ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ കമ്പനി ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2024 ജനുവരിയില്‍ അലാസ്‌ക എയര്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് കമ്പനിയുടെ 737 മാക്‌സ് ജെറ്റില്‍ ഉണ്ടായ അപകടമാണ് ഈ നടപടിക്ക് കാരണമായത്. ആ വിമാനത്തില്‍ നിന്നുള്ള ഡോര്‍ പ്ലഗ് പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതോടെ സംഭവിച്ച വിവാദം ബോയിംഗിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയും അന്നത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് കാല്‍ഹൗണിനെ സ്ഥാനത്തുനിന്ന് പുറത്താക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്തിരുന്നു.




