AmericaGulfLatest NewsNewsPolitics

ഖത്തറിനെ അനുനയിപ്പിക്കാന്‍ യുഎസ് നീക്കം; ട്രംപിന്റെ വക പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന്

വാഷിങ്ടന്‍ : ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് അമര്‍ഷം പ്രകടിപ്പിച്ച ഖത്തറിനെ അനുനയിപ്പിക്കാന്‍ അമേരിക്ക രംഗത്തെത്തി. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കി.

യുഎസ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി വൈറ്റ് ഹൗസില്‍ അമേരിക്കന്‍ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയും സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയായി.

ഖത്തര്‍ പ്രധാനമന്ത്രിക്കായി ട്രംപ് പ്രത്യേക അത്താഴവിരുന്ന് ഒരുക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. പരിപാടിയില്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.

ഖത്തറില്‍ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കാനാണ് ഇസ്രയേല്‍ നടത്തിയ ആക്രമണശ്രമം. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് സാധിച്ചില്ല. സംഭവത്തില്‍ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യുഎസ് നീക്കങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Show More

Related Articles

Back to top button