ദുരൂഹത തുറന്നപ്പോൾ ഭീതിജനക കാഴ്ച: പെൻസിൽവേനിയയിൽ 4 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി

പെൻസിൽവേനിയ : ആംസ്ട്രോങ് കൗണ്ടിയിലെ കാഡോഗൻ ടൗൺഷിപ്പിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും നാല് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം പ്രദേശത്ത് നടുക്കമുണർത്തി. 39 കാരിയായ ജെസ്സിക്ക മൗത്തിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ട ജെസ്സിക്കയുടെ വീട്ടിൽ നിന്നുണ്ടായ ദുര്‍ഗന്ധത്തെ തുടർന്ന് വീട്ടുടമസ്ഥൻ നടത്തിയ പരിശോധനയിലാണ് ഭീതിജനക കാഴ്ച വെളിപ്പെട്ടത്. ആദ്യം ഒരു കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിച്ചതോടെ അവർ നടത്തിയ വിശദമായ പരിശോധനയിൽ മൂന്നു മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു.
പ്രസവാനന്തരമായി കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നത് ജെസ്സിക്ക പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് അലമാരയിലും മച്ചിൻപുറത്തും ഒളിപ്പിച്ചതായും കണ്ടെത്തി.
നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ജെസ്സിക്കയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ പ്രദേശവാസികൾ അതീവ ഞെട്ടലിലും ഭീതിയിലുമാണ്.




