ശ്രേഷ്ഠ ഇടയന് വിട: മാര്‍ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം ഇന്ന് കോട്ടുളിയില്‍

കോഴിക്കോട്: തൃശൂര്‍ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം ഇന്ന് വൈകിട്ട് കോഴിക്കോട് ജില്ലയിലെ കോട്ടുളിയില്‍ നടക്കും. സെപ്റ്റംബര്‍ 17ന് അദ്ദേഹം അന്തരിച്ചിരുന്നു.
സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഘട്ടം ഇന്നലെ തൃശൂര്‍ അതിരൂപത മന്ദിരത്തില്‍ നടന്നു. തുടര്‍ന്ന് പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്കയിലും ലൂര്‍ദ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് അവസരം നല്‍കി. ആയിരങ്ങളാണ് പ്രിയ ഇടയനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 9.30 വരെ ലൂര്‍ദ് കത്തീഡ്രലില്‍ പൊതുദര്‍ശനം തുടരുന്നതാണ്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഘട്ടം ആരംഭിക്കും. കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനായിരിക്കും. മൂന്നാംഘട്ടത്തില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. അനുസ്മരണ സന്ദേശം മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നല്‍കും.
തൃശൂരിലെ ശുശ്രൂഷകളും സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളും പൂര്‍ത്തിയാക്കിയതിന് ശേഷം ഉച്ചയ്ക്ക് ഒന്നോടെ ഭൗതികശരീരം കോഴിക്കോട് കൊണ്ടുപോകും. വൈകിട്ട് 5 മണിക്ക് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ പ്രാര്‍ഥനയും പൊതുദര്‍ശനവും നടക്കും.
ശേഷം കോട്ടുളിയിലെ മാര്‍ തൂങ്കുഴി സ്ഥാപിച്ച ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലാണ് അന്തിമ കബറടക്കം.




