അമേരിക്കൻ പൗരത്വ പരീക്ഷയിൽ മാറ്റങ്ങൾ: അപേക്ഷകർക്ക് കൂടുതൽ വെല്ലുവിളി

വാഷിങ്ടൺ : യുഎസ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കൂടുതൽ കർശനമായ പരീക്ഷ നേരിടേണ്ടിവരും. അമേരിക്കൻ പൗരത്വ പരീക്ഷയിൽ രണ്ടുതരം പ്രധാന മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
നിലവിൽ 100 ചോദ്യങ്ങളാണ് ചോദിച്ചുവരുന്നത്. ഇനി മുതൽ പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകും. അമേരിക്കൻ ചരിത്രം, ഭരണഘടന, സർക്കാർ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലായി പ്രതീക്ഷിക്കാവുന്നത്. ഇതുവരെ വാക്കാലുള്ള ചോദ്യോത്തര രീതിയായിരുന്നു പിന്തുടർന്നിരുന്നത്. പുതുതായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം കൂടുതൽ കർശനമായി വിലയിരുത്തുന്നതിനായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
പുതിയ പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളിൽ ചിലത് ഇങ്ങനെ: അമേരിക്കൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ, സ്വാതന്ത്ര്യപ്രഖ്യാപനം എഴുതിയത് ആര്, പ്രസിഡന്റിന് ഒരു ബിൽ നിയമമാക്കാൻ എങ്ങനെ സാധിക്കും, അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന കാരണങ്ങൾ, അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആര്, യു.എസ്. സെനറ്റിൽ എത്ര സെനറ്റർമാരുണ്ട് എന്നിങ്ങനെ.
ഈ മാറ്റങ്ങൾ പരീക്ഷയെ കൂടുതൽ ബുദ്ധിമുട്ടുള്ളതും അപേക്ഷകർക്ക് വെല്ലുവിളിയേറിയതുമാക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ, പരീക്ഷ സമഗ്രവും അക്കാദമികവുമായിത്തീരുമെന്ന അഭിപ്രായവും നിലനിൽക്കുന്നു. പുതിയ രീതിക്ക് അനുസരിച്ച് പഠനം ശക്തമാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.




