മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. കള്ളാടി പാലത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
തുരങ്കപാത നിർമാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസ് മണ്ണിനടിയിലായതായും ബസിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നേക്കാമെന്നുമാണ് പ്രാഥമിക വിവരം. മണ്ണിനടിയിൽ 16 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. പ്രദേശത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ ടെന്റുകളും മണ്ണിനടിയിലായതായി പ്രദേശവാസികൾ അറിയിച്ചു.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ആകെ അഞ്ച് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നിലവിൽ 30 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് നിന്ന് മറ്റൊരു എൻഡിആർഎഫ് യൂണിറ്റും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി നേരിടുകയാണ്.
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മന്ത്രി എ. പി. അനിൽകുമാർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. മന്ത്രി ടി. സിദ്ദിഖും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചർച്ചയിൽ പങ്കെടുത്തു.
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.




