കരൂർ ദുരന്തം: മരിച്ചവർക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ ∙ കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരണപ്പെട്ട സംഭവത്തിൽ പാർട്ടി അധ്യക്ഷൻ വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ നൂറോളം പേരിൽ ഓരോരുത്തർക്കും 2 ലക്ഷം രൂപ വീതവും നൽകുമെന്ന് വിജയ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
“ഇപ്പോഴത്തെ വേദന വിവരിക്കാൻ വാക്കുകളില്ല. എന്റെ കണ്ണുകളും മനസ്സും ദുഃഖത്തിൽ മുങ്ങിയിരിക്കുകയാണ്. ഞാൻ കണ്ട നിങ്ങളിലെ ഓരോ മുഖങ്ങളും മനസ്സിലൂടെ മറഞ്ഞുമാറുന്നു. സ്നേഹവും വാത്സല്യവും നൽകി വന്ന പ്രിയപ്പെട്ടവരെ ഓർക്കുമ്പോൾ നെഞ്ചുതകരുന്നു. ഇത് നികത്താനാവാത്ത നഷ്ടമാണ്. എന്നാൽ, എന്റെ പ്രിയപ്പെട്ടവരുടെ വേദനയിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും” – എന്നാണ് വിജയ് കുറിച്ചത്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കണമെന്ന പ്രാർത്ഥനയും അദ്ദേഹം പങ്കുവച്ചു.
ദുരന്തത്തിൽ മരിച്ചവരിൽ 17 സ്ത്രീകളും 9 കുട്ടികളും ഉൾപ്പെടുന്നു. 111 പേർ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു ഡിഎംകെ സർക്കാർ. അതേസമയം, പ്രധാനമന്ത്രി മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിക്കുമെന്ന് അറിയിച്ചു.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സംസ്ഥാന പര്യടനം വിജയ് താൽക്കാലികമായി നിർത്തിവച്ചു.




