ഫോമയുടെ ആശംസയോടെ ഇന്ത്യ പ്രസ് ക്ലബ് അന്തർദേശീയ മാധ്യമ കോൺഫറൻസ് ആരംഭിക്കാനൊരുങ്ങുന്നു

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഫോമ (FOMAA) ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കാനിരിക്കുന്ന ഈ സമ്മേളനത്തോടനുബന്ധിച്ച് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ആശംസാ സന്ദേശം നൽകി.
ഫോമയുടെ വളർച്ചയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകിയിട്ടുള്ള സഹായങ്ങൾ അനമോളമാണെന്നും, മാധ്യമ രംഗത്ത് സംഘടന നൽകുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും ബേബി മണക്കുന്നേൽ വ്യക്തമാക്കി. കോൺഫറൻസിനോടനുബന്ധിച്ച് ഫോമായുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് കോൺഫറൻസിൽ മുഴുവൻ സമയവും പങ്കെടുത്ത്, ഫോമായുടെ സഹകരണം ആരംഭം മുതൽ അവസാനവരെ തുടരുമെന്നും അറിയിച്ചു. ഫോമയും ഇന്ത്യ പ്രസ് ക്ലബും എന്നും നല്ല സുഹൃത്തുക്കളാണെന്നും, കോൺഫറൻസിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നതായും ഫോമാ ട്രഷറർ സിജിൽ പാലക്കൽ പറഞ്ഞു.
അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് ഇന്ത്യ പ്രസ് ക്ലബ് നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് ഫോമാ വൈസ് പ്രസിഡന്റ ഷാലു പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണ എന്നിവരും അഭിപ്രായപ്പെട്ടു. അവർ മാധ്യമ പ്രവർത്തകരുടെയും അക്ഷരസ്നേഹികളുടെയും ഈ മഹാസമ്മേളനത്തിന് എല്ലാ വിജയാശംസകളും നേർന്നു.




