മാധ്യമരംഗത്തിന്റെ ശാന്തശബ്ദം ജോണി ലൂക്കോസ് ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തില്‍ പങ്കെടുക്കുന്നു

ന്യൂജേഴ്സി എഡിസണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സില്‍ അതിഥിയായി എത്തുന്നത് മാധ്യമരംഗത്തെ ശാന്തശബ്ദമായ ജോണി ലൂക്കോസ്. 2006 മുതല്‍ മനോരമ ന്യൂസ് ചാനലില്‍ ന്യൂസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ജോണി ലൂക്കോസ്, കേരളത്തിലെ മാധ്യമരംഗത്തെ സ്വാധീനിക്കുന്ന പ്രമുഖരില്‍ ഒരാളായി പരിഗണിക്കപ്പെടുന്നു. മാധ്യമശ്രീ അവാര്‍ഡ് ജേതാവുമായ അദ്ദേഹം പ്രക്ഷേപണ ചരിത്രത്തിന്റെ ഭാഗമായി മുന്നേറുന്ന അപൂര്‍വ മാധ്യമപ്രവര്‍ത്തകനാണ്.
ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടല്‍ സമുച്ചയത്തിലാണ് ഒക്ടോബര്‍ 9 മുതല്‍ 11 വരെ സമ്മേളനം നടക്കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. പ്രഭാതഭക്ഷണത്തില്‍ നിന്ന് വിഭവസമൃദ്ധമായ അത്താഴവിരുന്ന് വരെ പങ്കെടുത്തവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഏഴുനൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട മനോരമ ന്യൂസിന്റെ അഭിമുഖപരിപാടിയായ “നേരേചൊവ്വേ” ജോണി ലൂക്കോസിന്റെ നിഷ്‌കളങ്കവും സൗമ്യവുമായ അവതരണശൈലിയിലൂടെ വലിയ സ്വീകാര്യത നേടി. കടന്നാക്രമണ രീതിയിലല്ലാതെ നിശിതമായ ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി പ്രേക്ഷകർക്കും അഭിമുഖദായകർക്കും ഒരുപോലെ ആസ്വാദ്യമാണ്.
കോട്ടയം ജില്ലയിലെ അതിരമ്പുഴ പാറപ്പുറത്ത് ലൂക്കായുടെയും അന്നമ്മയുടെയും മകനായി ജനിച്ച ജോണി ലൂക്കോസ്, ഇംഗ്ലീഷ് സാഹിത്യത്തില്‍ കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം സി.എം.എസ്. കോളേജ് യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1983-ല്‍ മലയാള മനോരമയില്‍ ചേര്‍ന്ന അദ്ദേഹം കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ജില്ലാ ലേഖകനായും പിന്നീട് തിരുവനന്തപുരം യൂണിറ്റില്‍ ന്യൂസ് എഡിറ്ററായും സേവനം അനുഷ്ഠിച്ചു.




