മാധ്യമങ്ങളെ അവഗണിക്കാനാവില്ല: പ്രമോദ് നാരായണൻ എം.എൽ.എയുടെ അഭിപ്രായം

എഡിസൺ (ന്യൂജേഴ്‌സി): “ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തിത്തീര്ക്കുന്ന ഭാവിയിലേക്കാണ് നമ്മൾ നീങ്ങുന്നത്. അത്തരം കാലഘട്ടങ്ങളിൽ മലയാളത്തിന്റെ മാധ്യമങ്ങൾക്ക് സത്യസന്ധതയുടെയും ധൈര്യത്തിന്റെയും പാതയിൽ ഉറച്ചു നിൽക്കാൻ കഴിയട്ടെ,” — റാന്നി എം.എൽ.എ പ്രമോദ് നാരായണൻ അഭിപ്രായപ്പെട്ടു.

എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരുകാലത്ത് വാർത്തകളെ അവഗണിച്ചാൽ ആ വാർത്തകൾ സംഭവിച്ചില്ലെന്ന് പറയപ്പെട്ടിരുന്നു. ഭരണാധികാരികളുടെ ആ തമസ്‌കരണത്തിൽ നിന്ന് ജനാധിപത്യത്തിന്റെ മൂല്യങ്ങളോട് നീതി പുലർത്താൻ ഇനിയും ഒരു ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ ഏത് ഭരണാധികാരിയും മാധ്യമങ്ങളെ എപ്പോഴും അവഗണിക്കാനാവില്ല,” പ്രമോദ് നാരായണൻ പറഞ്ഞു.

വാർത്തകളുടെ നിറപ്പകിട്ടുകൾ മങ്ങിയാക്കാനുള്ള ശ്രമങ്ങൾ പലകാലങ്ങളിലും നടന്നിട്ടുണ്ടെന്നും, എന്നാൽ സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടി അതിൽ വലിയ മാറ്റം സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാള സംസ്‌കാരത്തിന്റെ ആഴത്തിലുള്ള മാനവിക മൂല്യങ്ങളാണ് മാധ്യമ പ്രവർത്തകരെ വ്യത്യസ്തരാക്കുന്നത് എന്നും, കാല-ദേശ-ഭേദ അതിർത്തികൾ കടന്ന് മനുഷ്യർക്കിടയിൽ മമതയും കനിവും വളർത്തുന്ന ശക്തിയാണ് മാധ്യമങ്ങൾ എന്നും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചു. “കനിവ് എന്ന വാക്കിന് ഭൂമിയേക്കാൾ ആകർഷണവും, സൂര്യനേക്കാൾ വെളിച്ചവും, കടലിനേക്കാൾ ആഴവുമുണ്ട്,” — കവിതാത്മകമായ ഭാഷയിൽ അദ്ദേഹം പറഞ്ഞു.

ഇവിടെ നടക്കുന്ന മാധ്യമ ലക്ഷ്യങ്ങളുടെയും വെല്ലുവിളികളുടെയും ചർച്ചകൾ അർത്ഥസമ്പുഷ്ടമാകട്ടെ എന്നും, കേരളത്തിന്റെ മാധ്യമപ്രവർത്തകരുടെ പ്രശോഭിത മുഖങ്ങൾ അണിനിരക്കുന്ന ഇന്ത്യ പ്രസ് ക്ലബിന്റെ പതിനൊന്നാം അന്താരാഷ്ട്ര സമ്മേളനം ലോകമെങ്ങും സ്‌നേഹവും സമാധാനവും പകരുന്ന ദീപമായി തീരട്ടെയെന്നും എം.എൽ.എ പ്രമോദ് നാരായണൻ ആശംസിച്ചു.




