AmericaKeralaLatest NewsNews

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ; പക്ഷേ ഇന്ന് വലിയ ഭീഷണി നേരിടുന്നു: വി. കെ. ശ്രീകണ്ഠൻ എം.പി

എഡിസൺ, ന്യൂജേഴ്‌സി: ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണികളും നിയന്ത്രണങ്ങളും നേരിടുകയാണെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ലെന്നും അതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തനം സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണ്. അതിന്മേല്‍ നടക്കുന്ന ഇടപെടലുകളാണ് ജനാധിപത്യത്തിന് നേരെയുളള ഭീഷണി എന്ന് എം.പി. ചൂണ്ടിക്കാട്ടി. “ഇത് ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും അതേവിധം അനുഭവപ്പെടുന്നു. അധികാരത്തിന്റെ കേന്ദ്രീകരണവും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും വർധിച്ചു വരുന്നു,” അദ്ദേഹം പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ മാധ്യമമാറ്റങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഏറെ പ്രസക്തമായിരുന്നുവെന്നും ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന് ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ ഉണ്ടാകണമെന്നും ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു.

മുപ്പത് വര്‍ഷം മുമ്പ് താനും മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം വഴിയാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നതെന്നും പിന്നീട് മലയാള മനോരമയിലെ ഒറ്റപ്പാലം, പട്ടാമ്പി ബ്യൂറോകളില്‍ ചീഫ് ആയി സേവനം അനുഷ്ഠിച്ചതായും അദ്ദേഹം പറഞ്ഞു. “അന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ടെലിപ്രിന്റര്‍ മാത്രമായിരുന്നു മാര്‍ഗം. ഇന്ന് ലൈന്‍ ബുക്ക് ചെയ്താല്‍ നാളെയാവും കണക്ഷന്‍ കിട്ടുക, അപ്പോഴേക്കും വാര്‍ത്ത മരിച്ചിട്ടുണ്ടാകും,” എന്ന് പഴയ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ന് പത്രപ്രവര്‍ത്തകര്‍ക്ക് മന്ത്രാലയങ്ങളിലും പാര്‍ലമെന്റിലുമൊക്കെ പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ്, ഇഡി അന്വേഷണം, ഭീഷണി തുടങ്ങിയ ഭരണകൂട ഭീകരതകള്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കുന്നുവെന്നും രാജ്യത്തിന് നിലനില്‍ക്കാന്‍ എല്ലാവര്‍ക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും എം.പി. കൂട്ടിച്ചേര്‍ത്തു.

മാധ്യമ സമ്മേളനത്തില്‍ മനോരമ ന്യൂസ് ടിവി ഡയറക്ടര്‍ ജോണി ലൂക്കോസും പ്രസംഗിച്ചു. “ജനാധിപത്യം വെറുതെയുളള ഒരു ചെടിയല്ല, അത് നട്ടു വളര്‍ത്തേണ്ട ഒന്നാണ്. കാഴ്ചക്കാരായി നില്‍ക്കാതെ ജനങ്ങളും മാധ്യമങ്ങളും ജാഗ്രതയോടെ ഇടപെടണം,” അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളികൾക്ക് മലയാളത്തോടുള്ള അഭിമാനവും മാധ്യമങ്ങളോടുള്ള അടുപ്പവും അതിശയകരമാണെന്നും കേരളത്തിൻറെ ഭാഷയും ഭക്ഷണവും സംസ്‌കാരവും ഇവിടെയും അനുഭവപ്പെടുന്നുവെന്നും ജോണി ലൂക്കോസ് സന്തോഷം രേഖപ്പെടുത്തി.

ഐ.പി.സി.എൻ.എയുടെ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം സംഘടനയുടെ വളർച്ചയും ഐക്യവും പ്രശംസിച്ചു. “കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളുമായി അമേരിക്കൻ മലയാളികൾക്ക് ബന്ധപ്പെടാനും ആശയവിനിമയം നടത്താനും അവസരം സൃഷ്ടിക്കുന്നത് ഐ.പി.സി.എൻ.എയാണ്,” അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ യുഎസിലെ മലയാളികൾ ആത്മാർത്ഥമായി, പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നുള്ള ചെലവിൽ മാധ്യമപ്രവർത്തനം നടത്തുന്നതായി ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ കുര്യൻ പാമ്പാടി, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ്, ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻറണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു. അനിൽ ആറന്മുള, ജോർജ് തുമ്പയിൽ എന്നിവർ എംസിമാരായിരുന്നു.

മുൻ പ്രസിഡന്റ് റെജി ജോർജിന്റെ ഭാര്യ എലിസബത്ത് ജോർജിനെയും മുതിർന്ന പത്രപ്രവർത്തകൻ ടി.ജെ.എസ് ജോർജിനെയും അനുസ്മരിച്ച് സമ്മേളനം ആരംഭിച്ചു. മാലിനി നായർ അവതരിപ്പിച്ച തെയ്യവുമായി ബന്ധപ്പെട്ട നൃത്തശില്പം ചടങ്ങിന് കലാത്മക ഭംഗി പകർന്നു.

ഷിജോ പൗലോസ് (ജനറൽ സെക്രട്ടറി), വിശാഖ് ചെറിയാൻ (ട്രഷറർ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്), അനിൽ ആറന്മുള (വൈസ് പ്രസിഡൻ്റ്), ആശാ മാത്യു (ജോയിന്റ് സെക്രട്ടറി), സജി എബ്രഹാം (കൺവൻഷൻ ചെയർ), ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ബിജു കിഴക്കേക്കുറ്റ്, ജോർജ് ജോസഫ്, മാത്യു വർഗീസ്, മധു കൊട്ടാരക്കര, വിൻസെന്റ് ഇമ്മാനുവൽ, താജ് മാത്യു, റെജി ജോർജ് എന്നിവർ നേതൃത്വം നൽകി.

ആശാ മാത്യു നന്ദി അറിയിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് സുവനീർ വി.കെ. ശ്രീകണ്ഠൻ എം.പി. പ്രമോദ് നാരായണൻ എം.എൽ.എയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ മാത്യുക്കുട്ടി ഈശോയും സജി എബ്രഹാമും സംസാരിച്ചു.

സമ്മേളനത്തിനു ശേഷം മുൻ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ നേതൃത്വത്തിൽ മനോഹരമായ ഗാനമേളയും അരങ്ങേറി.

Show More

Related Articles

Back to top button