സ്ത്രീയും പുരുഷനും പൂരകശക്തികൾ; സമത്വചർച്ചയിൽ വൈവിധ്യമാർന്ന അഭിപ്രായങ്ങൾ

ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വിമന്‍ ഇന്‍ മീഡിയ കോണ്‍ക്ലേവ്’ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള ചർച്ചകളിലൂടെ നിറഞ്ഞു. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും തങ്ങളുടെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് വിഷയത്തെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിലൂടെ വിലയിരുത്തി.

റിപ്പോര്‍ട്ടര്‍ ടി.വിയുടെ മുഖമായ സുജയ പാര്‍വ്വതി അഭിപ്രായപ്പെട്ടു: “സ്ത്രീയോ പുരുഷനോ എന്നത് പെന്‍ഡുലം പോലെയാണ് — ഇടത്തുനിന്നും വലത്തേക്കും നീങ്ങുമ്പോഴും അതിന്റെ നില ബാലന്‍സിലാണ്. തൊഴിലിടങ്ങളിലും വീട്ടിലുമെല്ലാം സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.” പുരുഷന്റെ സ്ഥാനങ്ങൾ പിടിച്ചെടുക്കേണ്ടതല്ല, കഴിവ് പ്രയോഗിച്ചാണ് നിലനിൽപ്പ് ഉറപ്പിക്കേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുടുംബത്തിന് ശേഷം കരിയറിന് സ്ഥാനം നൽകുന്നതിൽ അഭിമാനമുണ്ടെന്നും സ്ത്രീയും പുരുഷനും ഒരുമിച്ചാണ് വുമൺഹുഡ് യാഥാർത്ഥ്യമാകുന്നതെന്നും സുജയ പറഞ്ഞു.

മാതൃഭൂമി ചാനലിന്റെ അവതാരകയായ മോത്തി രാജേഷ് അഭിപ്രായപ്പെട്ടു: “പ്രകൃതിയുടെ നിര്‍മിതിയില്‍ സ്ത്രീക്കും പുരുഷനും പ്രത്യേക ലക്ഷ്യമുണ്ട്. സ്ത്രീക്ക് പുരുഷനേക്കാള്‍ അനുകമ്പയോടെ കാര്യങ്ങളെ കാണാനും മറ്റൊരാളെ ആശ്വസിപ്പിക്കാനും കഴിയും.” സ്ത്രീക്കും പുരുഷനും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണ് എന്നും ജെന്‍ഡര്‍ എന്തായാലും നല്ല വ്യക്തിയാകുക എന്നതാണ് പ്രധാനമെന്നും മോത്തി പറഞ്ഞു.
വനിതാ കമ്മീഷന്‍ മുന്‍ അംഗമായ പ്രൊഫസര്‍ കെ.എ. തുളസി പറഞ്ഞു: “സ്ത്രീയുടെ സ്ഥാനം ഇന്ന് പൊതുവേ ആശാസ്യകരമാണ്. പക്ഷേ, മാറ്റം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നവർ തന്നെ ആദ്യം മാറേണ്ടതുണ്ട്. വ്യക്തികൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണ് സ്‌ത്രൈണത യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നത്.”
മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു: “വെല്ലുവിളികളും പ്രതിസന്ധികളും കടന്ന് മുന്നോട്ട് പോകുമ്പോഴാണ് സ്ത്രീകൾക്ക് യഥാർത്ഥ ശക്തി ലഭിക്കുന്നത്. കഠിനാധ്വാനത്തിലൂടെയാണ് അവസരങ്ങളുടെ വാതിൽ തുറക്കുന്നത്.”
മുതിർന്ന സാമൂഹിക പ്രവർത്തകയായ ലീല മാരേറ്റ് പറഞ്ഞു: “പഴയകാല സ്ത്രീകൾ പുരുഷാധിപത്യമുള്ള സമൂഹത്തിൽ ശബ്ദമില്ലാതെ ജീവിച്ചവരാണ്. എന്നാൽ ഇന്നത്തെ സ്ത്രീ പുരുഷനൊപ്പമോ ചിലപ്പോൾ മുകളിലോ നിൽക്കുന്നുണ്ട്. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ട് പോലെ, സ്ത്രീയുടെ ഉയർച്ചയ്ക്കും പിന്നിൽ ഒരു പുരുഷന്റെ പിന്തുണയുണ്ട്.”
“ഞാൻ സ്ത്രീയാണ് എന്ന് ആവർത്തിച്ച് പറയുന്നത് സ്ത്രീയുടെ ശക്തിയും അവസരങ്ങളും കുറയ്ക്കുന്നു,” എന്ന് അഭിപ്രായപ്പെട്ടു തങ്കം അരവിന്ദ്. “തുല്യതയെന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള പൂർണത തിരിച്ചറിയുന്നതിലാണ്,” എന്നും അവര്‍ കൂട്ടിച്ചേർത്തു.
വൈവിധ്യമാർന്ന ചിന്തകളും അനുഭവങ്ങളും ചേർന്ന് ഈ പാനല്‍ ചര്‍ച്ച സ്ത്രീപുരുഷ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യവും സമൂഹത്തില്‍ അവര്‍ വഹിക്കുന്ന പൂരകപങ്കും ആഴത്തിൽ പ്രതിഫലിപ്പിച്ചു.




