കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; പ്രതിമാസം ₹5000 വീതം നൽകുമെന്ന് ടിവികെ

കരൂർ: കരൂർ റാലി ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ മുഴുവൻ ഏറ്റെടുക്കുമെന്ന് ടിവികെ അറിയിച്ചു. ഓരോ കുടുംബത്തിനും പ്രതിമാസം ₹5000 വീതം സാമ്പത്തിക സഹായം നൽകുമെന്നും, മെഡിക്കൽ ഇൻഷുറൻസും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ടിവികെ വഹിക്കുമെന്നും സംഘടന വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുടെ വീടുകൾ ടിവികെ സമിതി ഇന്ന് സന്ദർശിക്കും.
അതേസമയം, കരൂർ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
പൗരന്മാർക്ക് നീതിയുക്തമായ അന്വേഷണം ലഭിക്കേണ്ടത് അവകാശമാണെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസ് അജയ് റസ്തോഗിയോടൊപ്പം രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുമാണ് സമിതിയിൽ അംഗങ്ങൾ. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്നും, ഐ.ജി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരായിരിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അൻജാരിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും, സിബിഐ അന്വേഷണത്തിനായുള്ള മറ്റ് ഹർജികളും പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാർ ജനറലിൽനിന്ന് റിപ്പോർട്ട് തേടാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 27ന് നടൻ വിജയ് പങ്കെടുത്ത കരൂർ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.




