ശബരിമലയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു; ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി.

ശബരിമല: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. രാവിലെ 11.45നാണ് രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിയത്. പ്രത്യേക ഗൂർഖ വാഹനത്തിൽ പമ്പയിൽ നിന്ന് വെറും 15 മിനിറ്റിനുള്ളിൽ രാഷ്ട്രപതി സന്നിധാനത്തേക്ക് എത്തി. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടിക്കെട്ടുമായി മലകയറിയിരുന്നു. ഇരുമുടിക്കെട്ട് പമ്പയിലാണ് നിറച്ചത്.
ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാഷ്ട്രപതിയോടൊപ്പം ദർശനത്തിനുണ്ടായിരുന്നു. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠർ മഹേഷ് മോഹനർ പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമവും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രപതിക്ക് കുമ്പിള്‍തടിയിൽ കൊത്തിയെടുത്ത അയ്യപ്പപ്രതിമയാണ് ഉപഹാരമായി നൽകുന്നത്. രാഷ്ട്രപതി ദർശനം പൂർത്തിയാക്കി മടങ്ങുന്നതുവരെ മറ്റ് തീർഥാടകർക്ക് നിലയ്ക്കലിന് അപ്പുറം പ്രവേശനമില്ല.
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലെത്തിയ രാഷ്ട്രപതി, റോഡ് മാർഗമായാണ് പമ്പയിലെത്തിയത്. അടിയന്തര സാഹചര്യമൊഴികെ അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പോയത്. മേയ് മാസത്തിലായിരുന്നു ആദ്യമായി ദർശനം നടത്താനുള്ള തീരുമാനം, എന്നാൽ ഇന്ത്യ–പാക് സംഘർഷസാധ്യതയെ തുടർന്ന് അത് മാറ്റിവെച്ചിരുന്നു.




