ജോർജിയ : ജോർജിയയിലെ ഏഥൻസിലെ കട്ടേഴ്സ് പബ്ബിന് പുറത്ത് വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഘർഷത്തിൽ നാസി എസ്എസ് യൂണിഫോം ധരിച്ചെത്തിയ ഒരാൾ ബിയർ ഗ്ലാസ് കൊണ്ട് സ്ത്രീയുടെ മൂക്ക് തകർത്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് നടത്തി. കെന്നത്ത് ലെലാൻഡ് മോർഗൻ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
കറുത്ത നാസി എസ്എസ് യൂണിഫോം, സൈനിക തൊപ്പി, സ്വസ്തിക പതിച്ച ചുവന്ന ആംബാൻഡ് എന്നിവ ധരിച്ചാണ് മോർഗൻ ബാറിൽ എത്തിയതെന്ന് സാക്ഷികൾ പറഞ്ഞു. കോളജ് വിദ്യാർത്ഥികളായ ഒരു സംഘം ആളുകൾ മോർഗനെ പുറത്താക്കാൻ ശ്രമിക്കുമ്പോഴാണ് വാക്കുതർക്കം രൂക്ഷമായത്.
ആ സംഘത്തിൽ ജൂതനായ സുഹൃത്ത് ഉണ്ടായിരുന്നതായി ഇരയായ ഗ്രേസ് ലാങ് അറിയിച്ചു. നാസി വേഷം ധരിച്ച മോർഗനെ ബാറിലേക്ക് വരുന്നത് കണ്ടപ്പോൾ അവർ പ്രതിഷേധിച്ചതായും അവൾ മൊഴി നൽകി. പ്രതിഷേധത്തിനിടെ മോർഗൻ കയ്യിലുണ്ടായിരുന്ന വലിയ ബിയർ ഗ്ലാസ് ഗ്രേസ് ലാങ്ങിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. മൂക്കിന് ഒടിവ് സംഭവിച്ച അവൾക്ക് നാല് തുന്നലുകൾ ആവശ്യമായി വന്നു. കണ്ണിന് താഴെ കറുത്ത പാടുകളും വീക്കവുമുണ്ട്.
സംഭവത്തിനു ശേഷം ബാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോർഗനെ പൊലീസ് പിന്തുടർന്ന് പിടികൂടി. നാസി വേഷം ധരിച്ചെത്തിയതിനെതിരെയും സ്ത്രീയെ ആക്രമിച്ചതിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.















































