കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനടുത്തായി പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു.

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനടുത്തായി പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്ര റെയിൽവേ ബോർഡ് ഇതിന് അനുമതി നൽകി. ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്നതാണ് വിവരം. വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള റെയിൽവേ ലൈനിനോടു ചേർന്നായിരിക്കും സ്റ്റേഷൻ. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമായിരിക്കും.
ആദ്യ ഘട്ടത്തിൽ 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകൾ ഉണ്ടാകും. നിർമാണച്ചെലവ് ഏകദേശം 19 കോടി രൂപയാകും. ഹൈ ലെവൽ പ്ലാറ്റ്ഫോം, ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ് എന്നിവയും ഒരുക്കും. വിമാനത്താവളത്തിൽ നിന്ന് നെടുവന്നൂരിലേക്കുള്ള റോഡിലാകും പ്രധാന കവാടം.
ഭാവി വികസനത്തിനുള്ള സ്ഥലവും ഇപ്പോൾ റെയിൽവേയ്ക്കു സ്വന്തമായതിനാൽ ഭൂമി ലഭ്യതയിലൊന്നും തടസ്സമുണ്ടാകില്ല. അത്താണിയിൽ നിന്ന് ആരംഭിക്കുന്ന വിമാനത്താവള റോഡിൽ റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലാണ് സ്റ്റേഷന്റെ സ്ഥലം നിശ്ചയിച്ചിരിക്കുന്നത്.
രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. വന്ദേ ഭാരത് അടക്കമുള്ള എല്ലാ പ്രധാന ട്രെയിനുകളും ഇവിടെ നിർത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. 2010ൽ ശിലാസ്ഥാപനം നടത്തിയിട്ടും പദ്ധതിയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷമാണ് പദ്ധതി പുനരുജ്ജീവിക്കപ്പെടുന്നത്.




