വനിതാ ലോകകപ്പിൽ സെമി: ടോസ് ഭാഗ്യം ഓസീസിന്, ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും

നവി മുംബൈ∙ വനിതാ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ബാറ്റിങ് തിരഞ്ഞെടുത്തു.ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങളാണ് ഉണ്ടായത്. പരുക്കേറ്റ ഓപ്പണർ പ്രതിക റാവലിനു പകരം ഷെഫാലി വർമ തിരിച്ചെത്തി. ഉമ ഛേത്രിയുടെയും ഹർലീൻ ഡിയോൾയുടെയും സ്ഥാനത്ത് റിച്ച ഘോഷും ക്രാന്തി ഗൗഡും ടീമിലെത്തി. ഓസ്ട്രേലിയൻ ടീമിൽ സോഫി മൊലിനക്സ് എത്തിയിട്ടുണ്ട്.
ടൂർണമെന്റിൽ തുടക്കത്തിൽ മികച്ച പ്രകടനമുണ്ടായിരുന്ന ഇന്ത്യ തുടർ തോൽവികൾക്കുശേഷം തിരിച്ചെത്തി സെമിയിലേക്ക് കടന്നതാണ്. ഈ ആത്മവിശ്വാസം തന്നെയാണ് ഓസീസിനെ നേരിടുമ്പോഴും ടീമിന് കരുത്ത് നൽകുന്നത്.
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അതിശയകരമായ ഫോമിലാണെന്നും ഷെഫാലി വർമ നൽകുന്ന വേഗതയേറിയ തുടക്കം ടീമിന് ആത്മവിശ്വാസം പകരുമെന്നും പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമിമ റോഡ്രിഗ്സ്, അമൻജോത് കൗർ എന്നിവരും ബാറ്റിങിൽ കരുത്താണ്.
ബോളിങിൽ ക്രാന്തി ഗൗഡും രേണുക സിങ് ഠാക്കൂറും മികച്ച പ്രകടനത്തിലാണ്. സ്പിൻ നിരയെ ദീപ്തി ശർമ നയിക്കുന്നു. രാധ യാദവ്, സ്നേഹ് റാണ, ശ്രീചരണി തുടങ്ങിയവരും അവർക്കൊപ്പം.
എട്ടാം ലോകകിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഓസ്ട്രേലിയ ഇതുവരെ ടൂർണമെന്റിൽ തോൽവിയറിയാത്ത ടീമാണ്. അലീസ ഹീലി, എലിസ് പെറി, ആഷ്‌ലി ഗാർഡ്നർ, ഫീബി ലിച്ച്ഫീൽഡ്, അന്നബെൽ സതർലൻഡ് എന്നിവരാണ് ബാറ്റിങിന്റെ കരുത്ത്. മേഗൻ ഷൂട്ട്, താഹ്‌ലിയ മഗ്രോ, കിം ഗാർത് എന്നിവരാണ് പേസർമാർ.
നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. മഴ പെയ്താൽ റിസർവ് ഡേ നാളെയാണ്. നാളെയും മത്സരം നടക്കാനാകില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഓസ്ട്രേലിയ ഫൈനലിലേക്ക് കടക്കും.




