കാനഡയിലെ എഡ്മന്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്ത് വർഷം പൂർത്തിയാക്കി; മലയാറ്റൂരിൽ സ്നേഹഭവനം നൽകി

എഡ്മന്റൺ : കാനഡയിലെ എഡ്മന്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി തുടങ്ങി പെരിയാർ തീരത്തോട് ചേർന്ന പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ഈ സംഘടനയുടെ അംഗങ്ങൾ.
വാർഷികാഘോഷങ്ങളുടെ ഭാഗമായി, അസോസിയേഷൻ മലയാറ്റൂർ–നീലേശ്വരം പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകി. “സ്നേഹഭവനം” എന്ന പേരിൽ നിർമിച്ച ഈ വീടിന്റെ താക്കോൽദാനച്ചടങ്ങ് ഇന്ന് നടക്കും. ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മലയാറ്റൂർ–നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരൻ, മുൻ പ്രസിഡന്റ് വിൻസൺ കൊനുകുടി എന്നിവർ പങ്കെടുക്കും.
2026 ജനുവരി 2, 3 തീയതികളിൽ എഡ്മന്റണിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ ദശവത്സര ആഘോഷങ്ങൾ നടക്കും. പ്രസിഡന്റ് ജോസ് തോമസിന്റെയും വാർഷിക കൺവീനർ സുനിൽ തെക്കേക്കരയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ ആഘോഷങ്ങൾ ഒരുക്കുന്നത്.




