വിഷ്ണു നാരായണൻ നമ്പൂതിരിയുടെ രചനകളിൽ നിന്നുള്ള ജീവിതപാഠങ്ങൾ : സാഹിത്യവേദി സമ്മേളനത്തിൽ ഡോ. അദിതി എൻ. പ്രഭാഷണം അവതരിപ്പിക്കും

ഷിക്കാഗോ : സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ ഏഴിന് ഷിക്കാഗോ സമയം വൈകുന്നേരം 7:30ന് സൂം മുഖേന നടക്കും. പ്രസിദ്ധ കവിയും ചിന്തകനുമായ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പദ്യ-ഗദ്യ രചനകളെ ആസ്പദമാക്കി, അദ്ദേഹത്തിന്റെ മകളും മന:ശാസ്ത്രജ്ഞയുമായ ഡോ. അദിതി എൻ. പ്രഭാഷണം അവതരിപ്പിക്കും.
തലമുറകൾക്ക് അധ്യാപകനായിരുന്ന കവിയുടെ രചനകളും ജീവിതാനുഭവങ്ങളും ഇഴചേർന്ന ഈ പ്രഭാഷണം കാവ്യാസ്വാദനത്തേക്കാൾ കവിയുടെ ജീവിതവീക്ഷണങ്ങൾക്കും സന്ദേശങ്ങൾക്കും പ്രാധാന്യം നൽകുന്നതായിരിക്കും. മതം, മാനവികത, ആത്മീയത, പ്രണയം, പരിസ്ഥിതി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ കവിയുടെ ചിന്തകളിൽ നിന്ന് പകർന്നു കിട്ടിയ അപൂർവ്വ ജീവിതപാഠങ്ങൾ ഡോ. അദിതി പങ്കുവയ്ക്കും.
1983 മുതൽ 2016 വരെ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ മന:ശാസ്ത്രവിഭാഗം അധ്യാപികയായിരുന്ന ഡോ. അദിതി എൻ., കൗൺസലിങ്, മനോരോഗചികിത്സ, വ്യക്തിത്വവികസനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ‘ഫോക്കസ്’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. അദിതി, നിലവിൽ ശ്രീവല്ലി വിഷ്ണു നാരായണൻ നമ്പൂതിരി സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറിയും ആകുന്നു.
കഴിഞ്ഞ ഒക്‌ടോബർ മാസത്തെ സാഹിത്യവേദിയിൽ കഥാകൃത്ത് എസ്. അനിലാൽ തന്റെ ‘വംശാവലി’ എന്ന കഥ അവതരിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചർച്ച നയിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് പ്രസന്നൻ പിള്ളയെയോ ജോൺ ഇലക്കാടിനെയോ ബന്ധപ്പെടാം. സൂം വിവരങ്ങൾ: Meeting ID: 814 7525 9178 Passcode: 2990




