AmericaLatest NewsNewsPolitics

ന്യൂ ജേഴ്‌സിയിൽ ഷെറിൽ ഗവർണറായി; ട്രംപിന് തിരിച്ചടി

ന്യൂ ജേഴ്‌സി: ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി മൈക്കി ഷെറിൽ ഗവർണർ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുൻ നേവി പൈലറ്റും ഫെഡറൽ പ്രോസിക്യൂട്ടറുമായ ഷെറിൽ 57 ശതമാനം വോട്ടുകൾ നേടി റിപ്പബ്ലിക്കൻ സ്ഥാനാർഥി ജാക്ക് ചിതറല്ലിയെ (43%) പരാജയപ്പെടുത്തി.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേരിട്ടുള്ള പിന്തുണയോടെയാണ് ചിതറല്ലിയുടെ പ്രചാരണം നടന്നത്. എന്നാൽ ഷെറിൽ നേടിയ ഈ വിജയം ട്രംപിനെതിരായ ജനവികാരത്തിന്റെ വ്യക്തമായ സൂചനയെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടുന്നത്. ന്യൂ ജേഴ്‌സിയിൽ ഡെമോക്രാറ്റുകൾക്ക് ഉറച്ച വേരുകൾ ഉണ്ടെങ്കിലും, ട്രംപിന്റെ ശക്തമായ പ്രചാരണം സംസ്ഥാനത്ത് റിപ്പബ്ലിക്കൻ പാളയത്തിന് ആത്മവിശ്വാസം നൽകിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഉയരുന്ന വൈദ്യുതി നിരക്ക്, അമിത നികുതി എന്നിവയാണ് ഷെറിൽ തന്റെ പ്രചാരണത്തിൽ പ്രധാനമായും മുന്നോട്ട് വെച്ചത്. “നല്ല ഭരണം എന്നത് പ്രശ്നങ്ങളെ മാത്രം ചൂണ്ടിക്കാണിക്കുന്നതല്ല, അവ പരിഹരിക്കാനുള്ള ശ്രമവുമാണ് അതിന്റെ ഭാഗം,” എന്ന് ഷെറിൽ വിജയപ്രഖ്യാപനത്തിൽ പറഞ്ഞു.

ന്യൂ ജേഴ്‌സിയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഏകദേശം 8.5 ലക്ഷം പേർ ഡെമോക്രാറ്റുകളാണ്, ഇതും ഷെറിലിന് ശക്തമായ പിന്തുണയായി. സംസ്ഥാനത്തിന്റെ രണ്ടാം വനിതാ ഗവർണറായാണ് ഷെറിൽ അധികാരമേൽക്കുന്നത്.

സംസ്ഥാനത്ത് ഏകദേശം അഞ്ചുശതമാനം സൗത്ത് ഏഷ്യക്കാർ താമസിക്കുന്നുണ്ട്, അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ വിഭാഗത്തിന്റെ പിന്തുണയും ഷെറിലിന് അനുകൂലമായി പ്രവർത്തിച്ചതായി വിലയിരുത്തപ്പെടുന്നു.

Show More

Related Articles

Back to top button