AmericaLatest NewsNewsPolitics

വിർജിനിയയിൽ ചരിത്രം കുറിച്ച് ഗസാല ഹാഷ്‌മി; അധ്യാപികയിൽ നിന്നു ലെഫ്. ഗവർണറായി

വിർജിനിയ സംസ്ഥാനത്തിന്റെ ലെഫ്റ്റനന്റ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട ഗസാല ഹാഷ്‌മി, അധ്യാപനജീവിതത്തിൽ നിന്ന് പൊതു സേവനത്തിലേക്കുള്ള അഭിമാനകരമായ യാത്രയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകരുടെ കുടുംബത്തിൽ ജനിച്ച ഹാഷ്‌മി ഹൈദരാബാദിലാണ് ബാല്യം ചെലവിട്ടത്. കോളജ് പ്രഫസറായ പിതാവ് യുഎസിൽ അധ്യാപനത്തിനായി എത്തിയപ്പോൾ അവർക്കു നാലു വയസായിരുന്നു. തുടർന്ന് അമ്മയും സഹോദരനും ഒത്തു യുഎസിൽ കുടിയേറി. പിതാവിന്റെ മാതൃകയിൽ തന്നെയാണ് അവർ അധ്യാപികയായി ജീവിതം ആരംഭിച്ചത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി വിജയിച്ച ഹാഷ്‌മി, വിർജിനിയയുടെ ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം ലെഫ്റ്റനന്റ് ഗവർണറായി ചരിത്രം കുറിച്ചു. ഇതോടെ അവർ സ്റ്റേറ്റ് സെനറ്റിന്റെ അധ്യക്ഷയായി ചുമതലയേൽക്കും. നിലവിൽ ഡെമോക്രാറ്റുകൾക്ക് 21-19 എന്ന ഭൂരിപക്ഷമുണ്ടായതിനാൽ കാസ്റ്റിംഗ് വോട്ടിന് ഹാഷ്‌മിയുടെ പങ്ക് നിർണായകമായേക്കും.

രാഷ്ട്രീയ രംഗത്ത് ഹാഷ്‌മിയുടെ ഉയർച്ച അതിവേഗമായിരുന്നു. 2019-ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപ്പിച്ച് വിർജിനിയ സെനറ്റിൽ പ്രവേശിച്ച അവർ, ഡെമോക്രാറ്റുകൾക്ക് വർഷങ്ങള്ക്ക് ശേഷം ഭൂരിപക്ഷം ഉറപ്പിക്കാൻ നിർണായക പങ്കുവഹിച്ചു. 2025 ജൂണിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ നിരവധി എതിരാളികളെ തോൽപ്പിച്ച് ലെഫ്. ഗവർണർ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഈ വിജയത്തിന് അടിത്തറയായത്.

കോളജ് പ്രഫസറായിരിക്കെ സമൂഹ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം കാഴ്ചവെച്ചതും ജനവിശ്വാസം നേടാൻ ഹാഷ്‌മിയെ സഹായിച്ചു. സംസ്ഥാനതല മത്സരത്തിൽ ഒരു മുസ്‌ലിം വനിത വിജയിക്കുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നത്.

മുപ്പത് വർഷത്തിലധികം അധ്യാപന പരിചയമുള്ള ഹാഷ്‌മി, ഇംഗ്ലീഷ് സാഹിത്യവും ഭാഷയും പഠിപ്പിച്ചുവരുന്നു. യൂണിവേഴ്സിറ്റി ഓഫ് റിച്ച്മണ്ടിലും റെയ്‌നോൾഡ്‌സ് കമ്മ്യൂണിറ്റി കോളജിലും അവർ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1990-കളിൽ റിച്ച്മണ്ടിൽ സ്ഥിരതാമസമാക്കിയ ഗസാല, അസ്ഹർ റഫീക്കിന്റെ ഭാര്യയാണ്. ദമ്പതികൾക്ക് രണ്ടു പെൺമക്കളുണ്ട്.

Show More

Related Articles

Back to top button