
ന്യൂയോർക്ക്: ആഗോളതലത്തിൽ ഓഹരി വിപണികൾ വൻ നഷ്ടം നേരിടുകയാണ്. എഐ മേഖലയിലെ കമ്പനികളുടെയും എഐ വികസനത്തിൽ നിക്ഷേപം നടത്തുന്ന ടെക് ഭീമൻമാരുടെയും ഓഹരികളിൽ കുതിപ്പിന് പിന്നാലെ വൻ വിൽപനസമ്മർദ്ദമാണ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്ന ഈ ഓഹരികൾ അപ്രതീക്ഷിതമായി ഇടിയുകയും വിപണികളിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ യുഎസിലെ എസ് ആൻഡ് പി 500 സൂചിക 1.12%, നാസ്ഡാക് 1.90%, ഡൗ ജോൺസ് 0.84% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർക്ക് കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടം സംഭവിച്ചു.
മൈക്രോസോഫ്റ്റ്, എൻവിഡിയ, പാലന്റിയർ, ക്വാൽക്കോം, ഓറക്കിള്‍, മെറ്റ പ്ലാറ്റ്‌ഫോംസ് തുടങ്ങിയ പ്രമുഖ എഐ, ടെക് കമ്പനികളുടെ ഓഹരികൾ 7% വരെ ഇടിഞ്ഞു.
അതേസമയം, യുഎസിലെ കോർപ്പറേറ്റ് മേഖലയിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളും ഓഹരിവിപണിയിലെ ഇടിവിന് കാരണമായതായി വിദഗ്ധർ വിലയിരുത്തുന്നു. ഒക്ടോബർ മാസത്തിൽ മാത്രം 1.53 ലക്ഷം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി — 2009ന് ശേഷം ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. സെപ്റ്റംബറിലേക്കാൾ മൂന്ന് മടങ്ങ് കൂടുതലായതും കഴിഞ്ഞ വർഷത്തെ ഒക്ടോബറിനേക്കാൾ 175% വർധനയുമാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും വിപണികൾ ഇതിന്റെ പ്രതിഫലം നേരിടുകയാണ്. ഇന്ന് രാവിലെ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം തുടങ്ങി. നിഫ്റ്റി ഏകദേശം 50 പോയിന്റ് വരെ ഇടിഞ്ഞു.




