ദക്ഷിണേന്ത്യൻ ഭാഷകൾക്കു മുൻഗണന: പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ അവസരങ്ങൾ

കൊച്ചി : പ്രാദേശിക ഭാഷകളിൽ പരിജ്ഞാനം ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ ഇനി കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യത. ഉപഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ബാങ്കുകൾ നിയമന നയങ്ങളിലും പരിശീലന സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിലാണ്.
ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ ബാങ്ക് ജീവനക്കാരിൽ പ്രാദേശിക ഭാഷാ പരിജ്ഞാനം ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാങ്കുകൾ നിയമന രീതികളിൽ മാറ്റം പരിഗണിക്കുന്നത്. കർണാടകയുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഭാഷാ പ്രശ്‌നങ്ങൾ മൂലമുള്ള ബാങ്ക് ഉദ്യോഗസ്ഥ–ഉപഭോക്തൃ തർക്കങ്ങൾ ദേശീയതലത്തിൽ ചർച്ചയായതും ഈ തീരുമാനം വേഗത്തിലാക്കാൻ കാരണമായി.
ക്ലറിക്കൽ വിഭാഗത്തിലെ നിയമനങ്ങൾ സംസ്ഥാന തലത്തിൽ നടക്കുന്നതിനാൽ ഇവർക്കു സാധാരണയായി സ്വന്തം സംസ്ഥാനത്തുതന്നെ നിയമനം ലഭിക്കും. മൂന്ന് വർഷം കഴിഞ്ഞാൽ സ്ഥലംമാറ്റം ഉണ്ടായാലും, ഇവരെ മറ്റൊരു സംസ്ഥാനത്തേക്ക് അയക്കാറില്ല. എന്നാൽ ഓഫിസർ തസ്തികകളിലേക്കുള്ള നിയമനം ദേശീയതല പരീക്ഷകളിലൂടെ നടത്തുന്നതിനാൽ, ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നിയമിക്കേണ്ടി വരുന്നു. ഇതുവഴി ഭാഷാ പരിജ്ഞാനം കുറഞ്ഞ ഉദ്യോഗസ്ഥർക്ക് പ്രാദേശിക ഉപഭോക്താക്കളുമായി ആശയവിനിമയത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സാഹചര്യമുണ്ട്.
എസ്ബിഐ ചെയർമാൻ സി. എസ്. സെട്ടിയുടെ അഭിപ്രായത്തിൽ, ബാങ്കിന്റെ ഓഫിസർ തസ്തികകളിലേക്ക് വരുന്ന അപേക്ഷകളിൽ വെറും 10 ശതമാനം മാത്രമാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ളത്. ബാക്കി 90 ശതമാനവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നാണ് വരുന്നത്. അതിനാൽ തെക്കൻ സംസ്ഥാനങ്ങളിലെ ശാഖകളിൽ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ ബാങ്ക് നിർബന്ധിതമാകുന്നു.
എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രധാന പൊതുമേഖലാ ബാങ്കുകൾക്കാണ് ഇപ്പോൾ ഈ പ്രശ്‌നം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. പൊതുമേഖലാ ബാങ്കുകളിലെ ആകെ 7,48,000 ജീവനക്കാരിൽ 4,14,000 പേർ ഓഫിസർ തസ്തികയിലുണ്ട് — ഇത് ആകെ ജീവനക്കാരുടെ ഏകദേശം 55 ശതമാനം വരും. ബാങ്കുകൾ ഇപ്പോൾ തന്നെ പ്രാദേശിക ഭാഷാ പരിശീലനത്തിനുള്ള സംവിധാനങ്ങൾ നിലനിറുത്തിയിട്ടുണ്ടെങ്കിലും, അവ ആവശ്യമായ ഫലപ്രാപ്തിയെത്തിച്ചിട്ടില്ലെന്ന് ബാങ്കുകൾ സമ്മതിക്കുന്നു.
അതേസമയം, പുതിയ നിയമന നയങ്ങളിലൂടെ പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം ബാങ്കിംഗ് മേഖലയ്ക്ക് ദക്ഷിണേന്ത്യയിൽ വലിയൊരു തൊഴിൽസാധ്യതാ തുറവായി മാറും.




