ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി ജോസി കാരക്കാട്ട് മത്സരിക്കുന്നു

കാനഡ മലയാളി സമൂഹത്തിന്റെ പ്രമുഖ പ്രതിനിധിയും സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026–2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത്.
നിലവിൽ ഫൊക്കാനയുടെ ആർ.വി.പി ആയി സേവനം അനുഷ്ഠിക്കുന്ന ജോസി കാരക്കാട്ട് കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും നിരവധി സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. കാനഡയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക മേഖലകളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
ഫൊക്കാനയുടെ ദേശീയ കമ്മിറ്റിയിൽ രണ്ട് ടെർമുകൾ അംഗമായി പ്രവർത്തിച്ചിട്ടുള്ള ജോസി, 2016-ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു. ടൊറന്റോ മലയാളി സമാജത്തിന്റെ ട്രസ്റ്റി ബോർഡ് ചെയർമാനായും അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ സജീവ പങ്കാളിയായും അദ്ദേഹം പ്രവർത്തിച്ചു.
സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ടൊറന്റോയിലെ യുവജന സംഘടനയുൾപ്പെടെ വിവിധ കമ്മിറ്റികളിൽ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ജോസി പാരിഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിങ് കമ്മിറ്റി ചെയർ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തബോധമുള്ള ഒരു ചാരിറ്റി പ്രവർത്തകനായും അദ്ദേഹം അറിയപ്പെടുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രശസ്തനായ ജോസി കാരക്കാട്ട് ലൈസൻസുള്ള ഇൻകം ടാക്സ് ഫൈലറുമാണ്. ഭാര്യ ലിസി കാരക്കാട്ട്, മക്കൾ ജിസ്മി, ജോമി, ജൂലി കാരക്കാട്ട്. സമൂഹത്തിനും സംഘടനയ്ക്കും വേണ്ടി സേവനം സമർപ്പിച്ച ജോസിയുടെ പ്രവർത്തനം ഫൊക്കാനയ്ക്ക് ശക്തിയും പ്രചോദനവുമാകുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.




