ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നത് ഫെയ്ത്ത് മറിയ എല്‍ദോ

ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി കലാ-സാംസ്‌കാരിക പ്രവര്‍ത്തകയായ ഫെയ്ത്ത് മറിയ എല്‍ദോ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘മാപ്പ്’ (MAP) പ്രവര്‍ത്തകയാണ് ഫെയ്ത്ത്. ഫിലഡല്‍ഫിയയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ വേദികളിലൂടെ വളര്‍ന്ന് എത്തിയ യുവ കലാകാരിയായ ഇവര്‍ ഇപ്പോള്‍ ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അനലിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
നര്‍ത്തകി, പാട്ടുകാരി, സംഘാടക, സന്നദ്ധ പ്രവര്‍ത്തക, പ്രാസംഗിക, സ്റ്റുഡന്റ് ലീഡര്‍ തുടങ്ങിയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഫെയ്ത്ത് മറിയ എല്‍ദോ കോളജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പുതിയ വിദ്യാര്‍ഥികളിലേക്ക് നല്ല മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും സജീവമാണ്. സ്റ്റുഡന്റ് ലീഡറെന്ന നിലയില്‍ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രത്യേകം പ്രശംസ നേടിയിട്ടുള്ള ഇവര്‍ ഫൊക്കാനയിലെ യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും, യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുമുള്ള തന്റെ ദൗത്യവുമായി രംഗത്തിറങ്ങുകയാണ്.
പെന്‍സില്‍വേനിയ റീജിയനിലെ മലയാളി സമൂഹം മുഴുവന്‍ ഫെയ്ത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ഉത്സാഹത്തോടെ പിന്തുണയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.




