
ന്യൂജഴ്‌സി : 2017ൽ മേപ്പിൾ ഷേഡിൽ ആന്ധ്രാ സ്വദേശിയായ ശശികല നാര (38)യും മകൻ അനീഷ് നാര (6)യും ക്രൂരമായി കൊല്ലപ്പെട്ട കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം യുഎസ് അധികാരികൾ ഒരു ഇന്ത്യക്കാരനെതിരെ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തി. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട നസീർ ഹമീദ് എന്നയാളെയാണ് പ്രതിയാക്കിയത്. ശശികലയുടെ ഭർത്താവ് ഹനു നാരയുടെ മുൻ സഹപ്രവർത്തകനായിരുന്ന ഹമീദ്, സംഭവസമയത്ത് യുഎസിലെ കോഗ്നിസന്റ് ടെക്നോളജീസിലാണ് ജോലി ചെയ്തിരുന്നത്. ഇരയുടെ താമസസ്ഥലത്തിന് നടന്നെത്താവുന്ന ദൂരത്താണ് ഹമീദ് താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
2017 മാർച്ച് 23ന് ഫോക്സ് മെഡോ അപ്പാർട്മെന്റ് ഫ്ലാറ്റിൽ കുത്തേറ്റ നിലയിൽ ശശികലയെയും ആറുവയസ്സുകാരനായ മകനെയും ആണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നുള്ള രക്തക്കറ സാംപിളുകളിൽ ഒന്നും ഇരയുടേതല്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു. ഇതോടെ അന്വേഷണ ദിശ ഹമീദിലേക്കാണ് തിരിഞ്ഞത്. കൊലപാതകത്തിന് ആറുമാസത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കോഗ്നിസന്റിൽ ജോലി തുടർന്നു.
വർഷങ്ങളോളം നീണ്ട അന്വേഷണത്തിനിടെ യുഎസ് അധികൃതർ ഇന്ത്യൻ അന്വേഷണ ഏജൻസികളോട് സഹകരണം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഹമീദ് ഡിഎൻഎ സാംപിൾ നൽകാൻ വിസമ്മതിച്ചു. പിന്നീട് 2024ൽ കോടതി ഉത്തരവിനെ തുടർന്ന് ഹമീദ് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് യുഎസിലേക്ക് അയക്കപ്പെട്ടു. ലാപ്‌ടോപ്പിൽ നിന്നുള്ള ഡിഎൻഎ, കുറ്റകൃത്യം നടന്ന സ്ഥലത്ത് കണ്ടെത്തിയ രക്തക്കറയുമായി പൊരുത്തപ്പെട്ടതോടെ ഹമീദിനെതിരെയുള്ള സംശയങ്ങൾ സ്ഥിരീകരിച്ചു.
ശശികലയുടെ ഭർത്താവ് ഹനു നാരയെ ഹമീദ് മുമ്പ് പിന്തുടർന്നിരുന്നതായും വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. പ്രതിയെ വിചാരണയ്ക്കായി യുഎസിലേക്ക് കൈമാറ്റാനുള്ള നടപടികൾ യുഎസ് നീതിന്യായ വകുപ്പുമായി ചേർന്ന് അധികൃതർ ആരംഭിച്ചിരിക്കുകയാണ്.




