AmericaIndiaLatest NewsLifeStyleNewsSports

ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഗില്ലിന് രണ്ടാം ടെസ്റ്റിൽ വിശ്രമം, ഋഷഭ് പന്ത് നേതൃസ്ഥാനത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ കാണാനാവില്ല. ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഗില്ലിന്റെ ആരോഗ്യനില പൂർണ്ണമായി മെച്ചപ്പെട്ടിട്ടില്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. നാലുദിവസത്തേക്ക് കൂടി വിശ്രമം ആവശ്യമാണ് എന്നതിനാൽ നവംബർ 22ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന ടെസ്റ്റിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും. വിമാനയാത്ര പോലും ഒഴിവാക്കണമെന്ന നിർദേശവും മെഡിക്കൽ വിഭാഗം നൽകിയിട്ടുണ്ട്.

ഗില്ലിന്റെ അഭാവത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചു. നേരത്തെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി നിതീഷിനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചെത്തിയാലും ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഗില്ലിന് പകരം മൂന്നാം നമ്പറിൽ സായ് സുദർശൻ കളിക്കുന്നതാണ് സാധ്യത. ടീമിനെ നയിക്കുന്നത് ഋഷഭ് പന്തായിരിക്കും.

ദക്ഷിണാഫ്രിക്കൻ ടീമിനും പരുക്കിന്റെ ഭീഷണി ഉയർന്നിട്ടുണ്ട്. ഒന്നാം ടെസ്റ്റിനുശേഷം സ്പിന്നർ സൈമൺ ഹാമറിനും പേസർ മാർക്കോ യാൻസനും പരുക്കേറ്റതായി അവർ അറിയിച്ചു. ഹാമറിന് തോളിലും യാൻസൻ വാരിയെല്ലിലും പരുക്കാണ് ഉണ്ടായത്. ഇരുവരുടെയും പരുക്കുകൾ ഗുരുതരമല്ലെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നു. ഹാമർ പുറത്താകുന്ന സാഹചര്യമുണ്ടെങ്കിൽ ഇടംകൈ സ്പിന്നർ സെനുരാൻ മുത്തുസാമി ഇലവനിലെത്തും. പരുക്ക് ഭേദമായ കഗീസോ റബാദയും രണ്ടാം ടെസ്റ്റിൽ തിരിച്ചെത്താനുള്ള സാധ്യത ഉണ്ട്.

Show More

Related Articles

Back to top button