നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബര്‍ 8ന് – ദിലീപ് അടക്കം 10 പ്രതികള്‍ ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. കേസിലെ പത്ത് പ്രതികളും ഈ ദിവസം കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. നടന്‍ ദിലീപ് എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. കുറ്റകൃത്യം നടന്നിട്ട് എട്ട് വര്‍ഷത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്.
നടന്‍ ദിലീപ് പ്രതിയായ ഈ കേസ് താരസംഘടനയായ ‘അമ്മ’യില്‍ തര്‍ക്കങ്ങൾ ഉയര്‍ത്തുകയും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ കാരണമാവുകയും ചെയ്തിരുന്നു.
‘സിനിമയെ വെല്ലുന്ന’ നിരവധി ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ ഈ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്. വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിത നല്‍കിയ പരാതി, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടതും അതിനെ ഹൈക്കോടതി തള്ളിയതും, നിര്‍ണായക തെളിവുകള്‍ ചോര്‍ന്നെന്ന ആരോപണവും കേസിന്റെ സങ്കീര്‍ണ്ണത വർധിപ്പിച്ച സംഭവങ്ങളാണ്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്.




