രാഹുലിന്റെ ജാമ്യഹർജി ബുധനാഴ്ച പരിഗണനയ്ക്ക്; ഒളിവിൽ തുടരുന്ന രാഹുൽ തിരുവനന്തപുരത്ത് എത്തി വക്കാലത്ത് ഒപ്പുവച്ചു.

കൊച്ചി: നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന അടക്കമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിന്റ ജാമ്യ ഹർജി ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതിയിൽ പരിഗണിക്കും.
യുവതി വിവാഹിതയിരിക്കെയാണ് രാഹുലുമായുള്ള ബന്ധം രൂപപ്പെട്ടതെന്നാണ് ആരോപണം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണത്തിനെതിരെ, യുവതി ഇതിനകം വിവാഹിതയാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അവർ തന്നെയാണ് ഭർത്താവിന്റെ ഉപദ്രവങ്ങൾ വിവരിച്ച് തന്നെ സമീപിച്ചതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചിട്ടുണ്ട്. എന്നാൽ ഈ വാദങ്ങളെ തള്ളി യുവതി നൽകിയ മൊഴി അന്വേഷണസംഘത്തിന് നിർണായകമായിട്ടുണ്ട്.
2024 ഓഗസ്റ്റ് 22ന് ക്ഷേത്രത്തിൽ നടത്തിയ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കി. വെറും നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്നും ഒരു മാസത്തിനുള്ളിൽ തന്നെ ബന്ധം അവസാനിച്ചുവെന്നും യുവതി അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.
കേസിലെ തുടർ നടപടികൾക്കായി ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ചികിൽസാ മൊഴി കേസിന്റെ നിർണായക ഘട്ടമാകുമെന്നാണ് സൂചന.
അതേസമയം, രാഹുൽ ഇപ്പോഴും ഒളിവിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. പാലക്കാട് ജില്ലയുടെ പരിധി വിട്ടാൽ മുൻകൂർ ജാമ്യനടപടികൾക്ക് ബാധകത ഉണ്ടാകാമെന്ന് ലഭിച്ചിരുന്ന നിയമോപദേശമാണ് രാഹുലിനെ ഒളിവിൽ തുടരാൻ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതേസമയം, വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തി വക്കാലത്ത് ഒപ്പിട്ടതായി അഭിഭാഷകൻ സ്ഥിരീകരിച്ചു.




