CinemaKeralaLatest NewsLifeStyleNewsPolitics

ദിലീപിന്റെ വില്ലനിസം അവസാനിച്ചിട്ടില്ല; വിധിക്ക് പിന്നാലെ പറഞ്ഞത് ‘സത്യം വിജയിച്ചു’ എന്നല്ല, മറ്റൊരു നടിയുടെ പേര് – ഭാഗ്യലക്ഷ്മി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് നടിയും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കുറ്റാരോപിതന്റെ വില്ലനിസം ഇനിയും അവസാനിച്ചിട്ടില്ലെന്നും, ഈ വിധിയിലൂടെ ഇനിയും താൻ ഇതുതന്നെ ചെയ്യും എന്ന തരത്തിലുള്ള ധൈര്യമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ഐഎഫ്എഫ്‌കെ വേദിയിലെ ഓപ്പൺഫോറം പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

വിധി പുറത്ത് വന്നതിന് പിന്നാലെ ‘സത്യം വിജയിച്ചു’ എന്നുപറയുന്നതിനുപകരം മറ്റൊരു നടിയുടെ പേരാണ് അദ്ദേഹം പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. അങ്ങനെ പറഞ്ഞത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന ബോധം കൊണ്ടാണെന്നും, ഈ വില്ലനിസം അദ്ദേഹം നിർത്തില്ലെന്നും അവർ പറഞ്ഞു. അതിജീവിത പരാതി നൽകിയില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജു വാരിയരായിരിക്കുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

വിധിക്കുശേഷം അതിജീവിത തളർന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും, ഒരിഞ്ചുപോലും അവൾ പിന്നോട്ടില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ശക്തമായി തന്നെ മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ് അവൾ. അപ്പീൽ നൽകുമെന്നത് അന്നുതന്നെ എടുത്ത തീരുമാനമാണെന്നും, ഔദ്യോഗികമായി തന്നെ മുന്നോട്ട് പോകുന്നുവെന്ന് അവൾ പ്രഖ്യാപിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും, ഇനി അതിലപ്പുറം അപമാനം അനുഭവിക്കാനില്ലെന്ന മനോഭാവത്തിലാണ് അവൾ ഇപ്പോൾ നിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വിധിയോടെ തന്നെ പലർക്കും സത്യം വ്യക്തമായതായി ഭാഗ്യലക്ഷ്മി പറഞ്ഞു. സാമാന്യബുദ്ധിയുള്ള ആരും കോടതിവിധിക്കുശേഷം ‘സത്യം വിജയിച്ചു’ എന്നായിരിക്കും പറയുക; എന്നാൽ ഇവിടെ മറ്റൊരു നടിയുടെ പേരാണ് പറയപ്പെട്ടത്. ഇത് തന്നെ ചെയ്തതാണെന്ന ഉറപ്പാണ് അദ്ദേഹത്തെ അങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. ഈ വിധിയിലൂടെയാണ് ഇനിയും ഇത് തന്നെ ചെയ്യാമെന്ന ധൈര്യം അദ്ദേഹത്തിന് ലഭിച്ചതെന്നും, അത് എങ്ങനെയാണ് നേടിയെടുത്തതെന്നും എല്ലാവർക്കും അറിയാമെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.

സിനിമയ്ക്കുള്ളിൽ നിന്നു ഇതുവരെ ശക്തമായ പിന്തുണ അതിജീവിതയ്ക്ക് ലഭിച്ചിട്ടില്ലെന്നും, പുറംലോകത്തുനിന്നും സാംസ്കാരിക-പൊതു സമൂഹങ്ങളിൽ നിന്നുമാണ് പിന്തുണയെത്തുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സാമ്പത്തിക ശക്തിയും മാർക്കറ്റുമാണ് ചിലരുടെ മൗനം നിലനിര്‍ത്തുന്നതെന്നും, ആ സ്പേസ് ഇല്ലാതാകുമ്പോൾ ഈ പിന്തുണയും സംസാരംയും അവസാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ശിക്ഷ ലഭിച്ചവർ പുറത്തുവന്നാൽ പിന്നെ എന്താകും സംഭവിക്കുക എന്ന ആശങ്കയും ഭാഗ്യലക്ഷ്മി പങ്കുവച്ചു. ഇതുപോലുള്ള അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ടെന്ന് സ്വയം പറഞ്ഞ വ്യക്തിയെക്കുറിച്ച് ഭയം ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് കോടതികൾ ആലോചിക്കണമെന്നും അവർ പറഞ്ഞു. പ്രിവിലേജുള്ളവർക്ക് മാത്രമേ ഇത്തരം വിധികൾ സാധ്യമാകൂവെന്നും, സാധാരണ സ്ത്രീകൾക്ക് അത്ര ധൈര്യമില്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

അവസാനം, മഞ്ജു പറഞ്ഞത് സത്യമാണെന്നും, അതിജീവിത അന്ന് കേസ് നൽകിയതുകൊണ്ടാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഈ കോടതിയിൽ നിന്നും നീതിയാണ് പ്രതീക്ഷിച്ചതെന്നും, ഇനി വരുന്ന കോടതികളിലും അതുതന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. പ്രതീക്ഷയോടെയാണ് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Show More

Related Articles

Back to top button