KeralaLatest NewsNews

വോട്ടുത്സവത്തിന് തിരശീല; മാസങ്ങളായ പരിശ്രമത്തിന് ശേഷം ഉദ്യോഗസ്ഥർ പതിവുജോലികളിലേക്ക്

കാക്കനാട് : തദ്ദേശ തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ ഉത്സവം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാരും. മാസങ്ങളോളം നീണ്ടുനിന്ന ഒരുക്കങ്ങൾക്കും കഠിനാധ്വാനത്തിനുമൊടുവിൽ ‘വോട്ടുത്സവം’ അവസാനിച്ചതോടെ, ഉദ്യോഗസ്ഥർ വീണ്ടും പതിവു ഫയലുകളുടെയും ദിനചര്യ ജോലികളുടെയും തിരക്കിലേക്ക് മടങ്ങുകയാണ്.

ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലായി 2,020 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരാണ് അണിയറയിൽ യുദ്ധസമാന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചത്. പ്രചാരണ കോലാഹലങ്ങൾ പൊതുസ്ഥലങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ, കലക്ടറേറ്റിലെയും വിവിധ ഓഫിസുകളിലെയും തിരഞ്ഞെടുപ്പ് കൺട്രോൾ റൂമുകൾ ദിവസങ്ങളോളം രാത്രി വൈകിയും സജീവമായിരുന്നു. കലക്ടർ ജി. പ്രിയങ്കയുടെ നേരിട്ടുള്ള മേൽനോട്ടവും ഇടപെടലും തിരഞ്ഞെടുപ്പ് നടപടികൾ സുഗമമായി പൂർത്തിയാകുന്നതിൽ നിർണായകമായി.

തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ചുമതല വഹിച്ച ഡപ്യൂട്ടി കലക്ടർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറേറ്റിൽ നിന്നുള്ള നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും താഴെത്തട്ടിലേക്കു കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി വൈകി മടങ്ങേണ്ടി വന്ന വനിതാ ജീവനക്കാരെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലയിലുടനീളം നിരവധി സ്ക്വാഡുകൾ പട്രോളിങ് നടത്തി. പോളിങ് ബൂത്തുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വില്ലേജ് ഓഫിസ് ജീവനക്കാരടക്കം നൂറുകണക്കിന് പേർ രംഗത്തിറങ്ങി. വീൽചെയർ സൗകര്യം, വൈദ്യുതി കണക്ഷൻ, ജനറേറ്റർ സ്ഥാപിക്കൽ, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പാക്കാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്. ബാലറ്റ് പേപ്പർ അച്ചടിക്കൽ മുതൽ വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ വരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മതയോടെ നടപ്പാക്കി.

വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കി, വോട്ടിങ് യന്ത്രങ്ങളും അനുബന്ധ രേഖകളും സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയതോടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ ഔദ്യോഗികമായി സമാപിച്ചത്. മാസങ്ങളായുള്ള കഠിനാധ്വാനത്തിന് ശേഷം, ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ഇനി പതിവ് ഭരണകാര്യങ്ങളിലേക്ക് മടങ്ങാനുള്ള നിമിഷങ്ങളാണ് മുന്നിൽ.

Show More

Related Articles

Back to top button