
കൊച്ചി : ചലച്ചിത്രമേള പ്രതിനിധികൾക്ക് ‘അമ്മ’ സംഘടന സംഘടിപ്പിച്ച പാർട്ടിക്കെതിരെ നടി മല്ലിക സുകുമാരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംഘടനയുടെ ഇന്നത്തെ ആഘോഷം വേണ്ടിയിരുന്നില്ലെന്നും സഹപ്രവർത്തകയുടെ വേദനയോട് നേതൃത്വം കാണിച്ച സമീപനം അംഗീകരിക്കാനാവില്ലെന്നും മല്ലിക പറഞ്ഞു.
നീതിന്യായ വ്യവസ്ഥയും സമൂഹവും തന്നെ അതിജീവിതയായി വിളിച്ച സാഹചര്യത്തിൽ, എട്ട് വർഷക്കാലം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് ആദ്യമായി സ്വന്തം പേരിൽ തുറന്നു പറയേണ്ടിവന്നുവെന്ന് മല്ലിക വ്യക്തമാക്കി. സഹപ്രവർത്തകയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് പ്രഖ്യാപിച്ച സ്ത്രീകൾ നേതൃത്വം നൽകുന്ന സംഘടന, അവളുടെ കണ്ണുനീരിന് ഒരു വിലയും നൽകിയില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ കാരണമെന്നും അവർ പറഞ്ഞു.
‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ചലച്ചിത്രമേള പ്രതിനിധികൾക്ക് പാർട്ടി നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവോ എന്ന ചോദ്യവും മല്ലിക ഉന്നയിച്ചു. മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചുവെന്ന വാർത്തകൾ വന്നാലും, അത് ഇന്നുതന്നെ നടത്തേണ്ടിയിരുന്നോ എന്നതാണ് സംശയമെന്നും അവർ പറഞ്ഞു.
സംഘടനയിലെ പുരുഷ സഹപ്രവർത്തകർ എങ്കിലും സ്ത്രീ ഭരണകൂടത്തോട് കാര്യങ്ങൾ തുറന്നു പറയേണ്ടിയിരുന്നുവെന്ന് മല്ലിക അഭിപ്രായപ്പെട്ടു. വിമർശനം ഉന്നയിക്കുന്നവരെ അകറ്റിനിർത്താതെ, സംഘടനയുടെ അന്തസ്സും മൂല്യവും കാത്തുസൂക്ഷിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. കാലം മാറിയെന്നും കഥകൾ മാറിയെന്നും ചൂണ്ടിക്കാട്ടിയ മല്ലിക, സ്ത്രീകളാണ് കാര്യങ്ങൾ ഉയർത്തുന്നതും അഴിക്കുന്നതും എന്ന യാഥാർത്ഥ്യവും വീണ്ടും ഓർമ്മിപ്പിച്ചു.
‘ആവതും പെണ്ണാലെ, അഴിവതും പെണ്ണാലെ’ എന്ന വാക്കുകളോടെയാണ് മല്ലിക സുകുമാരൻ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.




