ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾ നീണ്ട ക്രൂര പീഡനത്തിന് ശേഷം റോഡിൽ ഉപേക്ഷിച്ചു.

ഗുഡ്ഗാവ് : രാത്രി വീട്ടിൽ നിന്ന് പുറത്തേക്ക് പോയ 25കാരിയായ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റിയ രണ്ട് പേർ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ സുഹൃത്തിനെ കാണാനായിരുന്നു യാത്ര. വഴിയിൽ വാഹനങ്ങൾ ലഭിക്കാതിരുന്നതിനാൽ യാത്ര വൈകിയതിനിടെയാണ് അർധരാത്രിയോടെ എത്തിയ ഒരു വാനിലുള്ളവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. വാഹനത്തിലുണ്ടായിരുന്നത് രണ്ട് പുരുഷന്മാരായിരുന്നു.
യുവതിയെ കയറ്റിയ ശേഷം പ്രതികൾ വഴിമാറ്റി ഗുഡ്ഗാവ്–ഫരീദാബാദ് റോഡിലേക്ക് വാഹനം തിരിച്ചു. തുടർന്ന് മൂന്നു മണിക്കൂറോളം യുവതിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ വാഹനത്തിൽ നിന്ന് തള്ളിവിട്ടു.
വീഴ്ചയിൽ യുവതിയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റു. കടുത്ത തണുപ്പിൽ ഒറ്റപ്പെട്ട നിലയിൽ ആയ യുവതി സഹോദരിയെ ഫോണിൽ വിളിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് കുടുംബം കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച തന്നെ രണ്ട് പ്രതികളെയും പിടികൂടി. മുഖത്ത് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് 12 തുന്നലുകൾ വേണ്ടിവന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവതി നിലവിൽ ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.




