AmericaCrimeLatest NewsNewsObituary

പിൻവാതിൽ വഴി വീടിനുള്ളിൽ കയറിയ പൊലീസ്; കിടപ്പുമുറിയിൽ തോക്കുമായി ഒളിച്ച യുവാവ്, വയോധിക ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ.

ഡാലസ് : ടെക്‌സസിലെ മക്കിനിയിൽ വയോധിക ദമ്പതികളെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ സിറ്റി മാനേജർ ലിയോനാർഡ് ഫ്രാങ്ക് റാഗൻ (73), ഭാര്യ ജാക്കി റാഗൻ (72) എന്നിവരാണ് മരിച്ചത്. ഡൺസ്റ്റർ ഡ്രൈവിലുള്ള ഇവരുടെ വീട്ടിനുള്ളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദമ്പതികളുടെ മകനാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ദിവസങ്ങളായി ദമ്പതികളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ശനിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തിയെങ്കിലും പ്രതികരണം ലഭിക്കാത്തതിനാൽ മടങ്ങി. തുടർന്ന് ഞായറാഴ്ച രാവിലെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് പൊലീസ് വീണ്ടും എത്തിയപ്പോൾ പിൻവാതിൽ വഴി വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. അപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇതിനിടയിൽ ദമ്പതികളുടെ മകനായ ബ്രൈസ് റാഗൻ (34) വീട്ടിലെ കിടപ്പുമുറിയിൽ തോക്കുമായി ഒളിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ ബ്രൈസിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിലവിൽ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

ഈ ഇരട്ടക്കൊലപാതകത്തിന്റെ സാഹചര്യങ്ങളും പ്രേരണകളും വ്യക്തമാക്കുന്നതിനായി മക്കിനി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Show More

Related Articles

Back to top button