AmericaCrimeLatest NewsNewsOther CountriesPolitics

‘നോ വാർ’ നൃത്തത്തിൽ നിന്നു അറസ്റ്റ് വരെ: മഡുറോയുടെ പരിഹാസം ട്രംപിനെ പ്രകോപിപ്പിച്ചോ?

ഹൂസ്റ്റൺ ∙ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയതിനു പിന്നിൽ നിരവധി രാഷ്ട്രീയ–നയതന്ത്ര കാരണങ്ങളുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ‘നോ വാർ, യെസ് പീസ്’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തം ട്രംപ് ഭരണകൂടത്തെ അതീവമായി പ്രകോപിപ്പിച്ചതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനാധിപത്യ തകർച്ചയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മഡുറോയുടെ ഭരണകാലത്ത് വ്യാപകമായതോടെയാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ട്രംപ് തീരുമാനിച്ചതെന്നാണ് പൊതുവായ വിലയിരുത്തൽ.

സാമ്പത്തിക ഉപരോധങ്ങളും അന്താരാഷ്ട്ര സമ്മർദങ്ങളും നിലനിൽക്കെയുമാണ് മഡുറോ അധികാരം വിട്ടുനൽകാൻ തയ്യാറാകാതിരുന്നത്. ഇത് യുഎസിനെ തുറന്നുവെല്ലുവിളിക്കുന്ന നടപടിയായി ട്രംപ് വിലയിരുത്തി. ഇതിന് പിന്നാലെ, വെനിസ്വേലൻ തീരത്ത് ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കൻ സൈന്യം നീക്കം നടത്തിയ സമയത്താണ് മഡുറോ തന്റെ പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ റിമിക്‌സ് ഗാനത്തിനൊത്ത് നൃത്തം ചെയ്തത്. അമേരിക്കയുടെ മുന്നറിയിപ്പുകളെ പരിഹസിക്കുന്ന സന്ദേശമായാണ് വൈറ്റ് ഹൗസ് ഇതിനെ കണ്ടത്.

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഈ നൃത്തത്തെ പരസ്യമായ വെല്ലുവിളിയെന്ന നിലയിൽ വിലയിരുത്തിയതായും ‘നൃത്തം അതിരുകടന്നുപോയി’ എന്ന പരാമർശം അകത്തളങ്ങളിൽ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ സൈനിക ശക്തിയെ മഡുറോ തമാശയായി കാണുന്നു എന്ന തോന്നലാണ് ട്രംപിനെ കൂടുതൽ കടുത്ത നടപടികളിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

താൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും അമേരിക്കയെ ഭയപ്പെടുന്നില്ലെന്നും ജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാനായിരുന്നു ഈ നൃത്തമെന്ന് മഡുറോയുടെ പക്ഷം വിശദീകരിച്ചെങ്കിലും, ട്രംപ് ഇതിനെ വ്യക്തിപരമായ അപമാനമായാണ് കണ്ടത്. യുഎസ് ഉപരോധങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമിടയിൽ ഇത്തരമൊരു ആഘോഷം അമേരിക്കയുടെ നയതന്ത്ര പ്രതിച്ഛായയെ ദുർബലപ്പെടുത്തുമെന്ന് ട്രംപ് ആശങ്കപ്പെട്ടു.

2018ലെ തിരഞ്ഞെടുപ്പ് അഴിമതിയിലൂടെ മഡുറോ നിയമവിരുദ്ധമായി അധികാരം നിലനിർത്തുകയാണെന്ന അമേരിക്കൻ ആരോപണവും വിഷയത്തെ കൂടുതൽ രൂക്ഷമാക്കി. വെനസ്വേലൻ ജനത അനുഭവിക്കുന്ന സാമ്പത്തിക തകർച്ചയ്ക്കും പട്ടിണിക്കും മഡുറോയുടെ സ്വേച്ഛാധിപത്യമാണ് കാരണമെന്ന് ട്രംപ് പരസ്യമായി കുറ്റപ്പെടുത്തി.

ലാറ്റിൻ അമേരിക്കയിൽ റഷ്യ, ചൈന, ക്യൂബ എന്നീ രാജ്യങ്ങളുടെ സ്വാധീനം വർധിക്കുന്നതും ട്രംപിന്റെ ആശങ്ക വർധിപ്പിച്ചു. വെനസ്വേലയുടെ എണ്ണ സമ്പത്തിൽ ഈ രാജ്യങ്ങൾ പിടിമുറുക്കുന്നത് അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്. ഇതോടൊപ്പം ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഡുറോയ്ക്കും അനുയായികൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും നിർണായകമായി. വെനസ്വേലയെ ‘നാർക്കോ സ്റ്റേറ്റ്’ ആയി അമേരിക്കൻ നീതിന്യായ വകുപ്പ് വിശേഷിപ്പിക്കുകയും, മഡുറോയെ പിടികൂടാൻ 15 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി.

അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ കടുത്ത നിലപാടിന് പിന്നിലുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഫ്ലോറിഡ പോലുള്ള സംസ്ഥാനങ്ങളിലെ വെനസ്വേലൻ, ക്യൂബൻ വംശജരായ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ മഡുറോയ്‌ക്കെതിരായ ശക്തമായ നടപടി ട്രംപിന് സഹായകരമായെന്നാണ് വിലയിരുത്തൽ.

Show More

Related Articles

Back to top button