CinemaKeralaLatest News

‘കപടവ്യക്തിത്വം’ വിവാദം: ഗീതു മോഹൻദാസിനെ ലക്ഷ്യമിട്ട് കസബ സംവിധായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

കൊച്ചി: ടോക്സിക് എന്ന പുതിയ കന്നഡ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനവുമായി കസബ സംവിധായകൻ നിഥിൻ രൺജി പണിക്കർ. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ ഉദ്ധരിച്ച് നിഥിൻ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മമ്മൂട്ടി നായകനായ കസബ സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങളുയർത്തിയവർ പിന്നീട് കന്നഡയിൽ കോടികൾ മുടക്കി ‘മസാല’ ഘടകങ്ങൾ നിറഞ്ഞ ചിത്രം ഒരുക്കിയതിലെ ഇരട്ടത്താപ്പാണ് നിഥിൻ ചൂണ്ടിക്കാട്ടുന്നത്. “നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണതയും” എന്ന സക്കറിയയുടെ വരികളാണ് നിഥിൻ സ്റ്റോറിയായി പങ്കുവച്ചത്.

ഈ വരികൾ ഗീതു മോഹൻദാസിനെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളും സിനിമാ പ്രേക്ഷകരും നടത്തുന്നത്. 2016ൽ പുറത്തിറങ്ങിയ കസബ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്ന് നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വിമർശിച്ചിരുന്നു. സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ ‘സേ ഇറ്റ്’ എന്ന് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു.

അതേസമയം, അന്ന് ‘ടോക്സിക് മാസ്കുലിനിറ്റി’യെ വിമർശിച്ച അതേ ഗീതു ഇപ്പോൾ ആണത്തവും ആണ്‍കോയ്മയും മുൻനിറത്തിലുളള ചിത്രം അവതരിപ്പിച്ചിരിക്കുന്നതിൽ എന്താണ് പറയാനുള്ള സന്ദേശമെന്ന ചോദ്യമാണ് നിഥിന്റെ സ്റ്റോറിയിലൂടെ ഉയരുന്നത്.

നടൻ യഷിന്റെ 40-ാം ജന്മദിനമായ ഇന്നലെയാണ് ടോക്സിക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. അശ്ലീലവും ആക്ഷനും മാസ് രംഗങ്ങളും നിറഞ്ഞ ടീസർ സൈബറിടത്തിൽ വലിയ ചർച്ചക്കും വിമർശനത്തിനും വഴിതെളിച്ചിട്ടുണ്ട്. മാർച്ച് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Show More

Related Articles

Back to top button