CrimeLatest NewsOther Countries

ഷിൻസോ ആബെ വധക്കേസ്: പ്രതി തെത്സുയ യമഗാമിക്ക് ജീവപര്യന്തം; വിധി കേൾക്കാൻ കോടതിക്ക് പുറത്ത് വൻ തിരക്ക്

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി തെത്സുയ യമഗാമിക്ക് (45) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബുധനാഴ്ച നര ജില്ലാ കോടതിയാണ് നിർണായകമായ വിധി പ്രസ്താവിച്ചത്. വിധി കേൾക്കുന്നതിനായി നൂറുകണക്കിനാളുകളാണ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്.

2022 ജൂലൈ 8-ന് പടിഞ്ഞാറൻ ജപ്പാനിലെ നര നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ഷിൻസോ ആബെ വെടിയേറ്റ് മരിച്ചത്. വീട്ടിൽ തന്നെ നിർമ്മിച്ച തോക്ക് ഉപയോഗിച്ചായിരുന്നു യമഗാമിയുടെ ആക്രമണം. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണക്കിടെ ആബെയെ കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചിരുന്നു.

വിവാദമായ ‘യൂണിഫിക്കേഷൻ ചർച്ചിന്’ ആബെ നൽകിയ പിന്തുണയാണ് ആക്രമണത്തിന് പ്രേരണയായതെന്ന് യമഗാമി മൊഴി നൽകി. തന്റെ മാതാവ് ഈ മതസംഘടനയ്ക്ക് വൻതോതിൽ സംഭാവന നൽകിയതിനെ തുടർന്ന് കുടുംബം സാമ്പത്തികമായി തകർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ജീവപര്യന്തം തടവ് ശിക്ഷ കോടതി ശരിവെച്ചു. പ്രതിയുടെ വ്യക്തിഗത പശ്ചാത്തലം പരിഗണിച്ച് ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്.

Show More

Related Articles

Back to top button