KeralaLatest NewsNewsPolitics

നാലുമാസത്തെ രഹസ്യനീക്കത്തിന് വിരാമം: ട്വന്റി 20 എൻഡിഎയിൽ

തിരുവനന്തപുരം : നാലുമാസത്തോളം നീണ്ട രഹസ്യനീക്കങ്ങൾക്ക് ഒടുവിൽ ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബും ചേർന്ന് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ‘വികസിത കേരളം’ എന്ന ബിജെപിയുടെ മുദ്രാവാക്യവുമായി ചേർന്ന് നിൽക്കുന്ന വികസനനയമാണ് ട്വന്റി 20ക്കും ഉള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നാട്ടുകാർക്ക് തൊഴിൽ നൽകുന്ന വ്യവസായ സംരംഭങ്ങളുമായി മുന്നോട്ട് വന്ന സാബു എം. ജേക്കബിനെ നാടുകടത്തിയ രാഷ്ട്രീയ നേതൃത്വമാണ് കേരളം ഭരിക്കുന്നതെന്നും, തെലങ്കാനയിൽ 50,000 പേർക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങൾ സാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികളിലേതുൾപ്പെടെ 25 പാർട്ടികൾ ചേർന്നാണ് ട്വന്റി 20യെ നേരിട്ടതെന്നും, പാർട്ടിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

തങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശിയാണ് ഈ തീരുമാനത്തിനു പിന്നിലെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയ പാർട്ടി ബിജെപിയാണെന്ന വിശ്വാസത്തിലാണ് എൻഡിഎയിൽ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ നാലുമാസത്തെ രഹസ്യനീക്കത്തിനൊടുവിലാണ് ഈ രാഷ്ട്രീയ കൂട്ടുകെട്ട് യാഥാർഥ്യമായതെന്നാണ് വിവരം.

പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ബുധനാഴ്ച രാത്രിയിലാണ് തീരുമാനം അറിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനം രൂപപ്പെട്ടത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ട്വന്റി 20യ്ക്ക് തനിച്ച് ഭൂരിപക്ഷമുണ്ട്. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായും, പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ജയിച്ചുമാണ് പാർട്ടിക്ക് പ്രസിഡന്റ് പദം ലഭിച്ചിരുന്നത്.

Show More

Related Articles

Back to top button