AmericaCrimeGulfLatest NewsNewsPolitics

യുദ്ധസാധ്യതയുണ്ടായാലും യുറേനിയം സമ്പുഷ്ടീകരണ അവകാശത്തിൽ വിട്ടുവീഴ്ചയില്ല: ഇറാൻ.

ടെഹ്‌റാൻ : യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, അമേരിക്കയുമായി യുദ്ധമുണ്ടായാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഇറാൻ ആവർത്തിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ടെഹ്‌റാനിൽ നടന്ന ഒരു ഫോറത്തിൽ ഈ നിലപാട് വ്യക്തമാക്കിയത്. ഒമാനിൽ അമേരിക്കയുമായി നടന്ന പരോക്ഷ ചർച്ചകൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തങ്ങളുടെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചാൽ പോലും ആണവ പദ്ധതിയെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് അരാഗ്ചി പറഞ്ഞു. മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും, ഇറാന്റെ പെരുമാറ്റം നിർദേശിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യാൻ ആര്ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ അറബിക്കടലിൽ എത്തിയ പശ്ചാത്തലത്തിലാണ് ഈ പരാമർശം.

ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്ന നിലപാടും മന്ത്രി ആവർത്തിച്ചു. സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ തുടരാൻ ഇറാൻ തയ്യാറാണെങ്കിലും, പരമാധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധങ്ങൾ ഒഴിവാക്കുന്നതിനായി ആണവ പദ്ധതിയിൽ ചില വിശ്വസനീയ നടപടികൾ സ്വീകരിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, വൻശക്തികളോട് ‘അല്ല’ എന്ന് പറയാനുള്ള കരുത്താണ് ഇറാന്റെ യഥാർത്ഥ ആണവശക്തിയെന്നുമായിരുന്നു അരാഗ്ചിയുടെ വാക്കുകൾ.

Show More

Related Articles

Back to top button