AmericaIndiaKeralaLatest NewsNewsPolitics

നരവനെയുടെ ആത്മകഥ ചർച്ചയായി ലോക്‌സഭ; പ്രതിഷേധത്തെ തുടർന്ന് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിൽ ചൈനീസ് അതിർത്തിയിലെ സംഭവങ്ങളെക്കുറിച്ച് പരാമർശിച്ച ഭാഗം വീണ്ടും ലോക്‌സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഭരണപക്ഷ–പ്രതിപക്ഷ ബഹളം രൂക്ഷമായി. ഇതോടെ സഭാ നടപടികൾ തടസ്സപ്പെടുകയും, സഭാ കാലയളവ് അവസാനിക്കുന്നതുവരെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് അംഗങ്ങൾ. സംഭവത്തെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും.

നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ന് വീണ്ടും വിഷയം ഉന്നയിക്കാൻ രാഹുൽ ശ്രമിക്കുകയും ബന്ധപ്പെട്ട രേഖകൾ സ്പീക്കർക്കു കൈമാറുകയും ചെയ്തെങ്കിലും അനുമതി ലഭിച്ചില്ല. മുൻദിനം നൽകിയ റൂളിങ്ങിലൂടെ വിഷയം ഉന്നയിക്കാൻ അനുമതി നിഷേധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, അതേ വിഷയം വീണ്ടും ഉയർത്തരുതെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർന്ന് മറ്റ് അംഗങ്ങളെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങിയത്. ചില അംഗങ്ങൾ പേപ്പർ വലിച്ചെറിയുകയും ചെയ്തു. ഇതിനെ തുടർന്ന് സഭ പിരിഞ്ഞു.

ഉച്ചയ്ക്ക് മൂന്നു മണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ, പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്പീക്കർ സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.

കിഴക്കൻ ലഡാക്കിലെ റെചിൻ ലാ മേഖലയിൽ 2020 ഓഗസ്റ്റിൽ ചൈനീസ് സൈന്യം നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് അറിയിച്ചിട്ടും ഇന്ത്യയുടെ പ്രതികരണത്തിന് അനുമതി ലഭിക്കാൻ വൈകിയെന്നും, ഒടുവിൽ “സൈന്യം തീരുമാനിച്ചുകൊള്ളൂ” എന്ന മറുപടിയാണു ലഭിച്ചതെന്നുമാണ് നരവനെയുടെ പുസ്തകത്തിൽ പറയുന്നത്. 2019 മുതൽ 2022 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിൽ ഉൾപ്പെടുത്തിയ ഈ സംഭവമാണ് സഭയിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

അഗ്നിവീർ പദ്ധതിയുടെ വിശകലനം ഉൾപ്പെടുന്ന ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം രണ്ടുവർഷത്തിലേറെയായി അന്തിമ തീരുമാനം എടുത്തിട്ടില്ല. 2024 തുടക്കത്തിൽ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന പുസ്തകത്തിന്റെ റിവ്യൂ പതിപ്പുകൾ 2023 ഡിസംബറിൽ തന്നെ ലഭ്യമാക്കിയിരുന്നു. ഇതിനിടെ പുസ്തകത്തിലെ വിവരങ്ങൾ ചിലർ പുറത്തുവിട്ടതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം വിശദമായ പരിശോധനയ്ക്ക് തീരുമാനിക്കുകയും, ആമസോണിൽ സ്വീകരിച്ചിരുന്ന മുൻകൂർ ഓർഡറുകൾ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.

Show More

Related Articles

Back to top button