AmericaCrimeLatest NewsNewsPolitics

നാൻസി ഗുത്രി തട്ടിക്കൊണ്ടുപോകൽ: ഉടൻ വിട്ടയക്കില്ലെങ്കിൽ കഠിന പ്രത്യാഘാതം, കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ട്രംപ്.

വാഷിങ്ടൺ : പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകയായ സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രിയെ (84) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാൻസിക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ അവർ കൊല്ലപ്പെടുകയോ ചെയ്താൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നാൻസിയെ ഉടൻ സുരക്ഷിതമായി വിട്ടയക്കാത്ത പക്ഷം അതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി ഒന്നിന് അരിസോണയിലെ ട്യൂസണിലുള്ള വസതിയിൽ നിന്നാണ് നാൻസി ഗുത്രിയെ കാണാതായത്. സംഭവദിവസം പുലർച്ചെ മുഖംമൂടി ധരിച്ച ഒരാൾ വീടിന് മുന്നിലെ സുരക്ഷാ ക്യാമറകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അമേരിക്കയിലെ പ്രമുഖ പ്രഭാത പരിപാടിയായ ‘ടുഡേ ഷോ’യുടെ അവതാരകയാണ് സവന്ന ഗുത്രി എന്നതിനാൽ രാജ്യമൊട്ടാകെ ഈ കേസ് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ള നാൻസിക്ക് കൃത്യസമയത്ത് മരുന്നുകൾ ലഭിക്കാത്തത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രതികളെക്കുറിച്ച് വിശ്വസനീയമായ വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഗ്ലൗസുകൾ കേന്ദ്രീകരിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ചില നിർണായക സൂചനകൾ ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ സൂചന.

ഫെഡറൽ നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ കേസുകളിൽ വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റിന് നിർദ്ദേശിക്കാനാകുമെന്നാണ് വിവരം. കുറ്റവാളികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകുന്നതിലൂടെ നാൻസിയെ സുരക്ഷിതമായി തിരികെ എത്തിക്കാനാകുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.

Show More

Related Articles

Back to top button