സാൻ അന്റോണിയോ : 12 വയസ്സുകാരനായ മകനെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിയെ നടന്ന് പോകാൻ പറഞ്ഞയച്ച സംഭവത്തിൽ 35കാരിയായ അമ്മയെ അറസ്റ്റ് ചെയ്തു. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ എന്ന യുവതിയെയാണ് ബക്സാർ കൗണ്ടി ഷെരിഫ് ‘സ് ഓഫീസ് അറസ്റ്റ് ചെയ്തത്.
റോഡരികിലെ കള്ളിമുൾച്ചെടികൾ കാരണം ട്രാഫിക് ലൈനിനു തൊട്ടടുത്തുകൂടി കുട്ടി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി 19 മൈൽ ദൂരം തനിയെ സ്കൂളിലേക്ക് നടന്ന് പോകുകയായിരുന്നുവെന്ന് വ്യക്തമായത്.
സംഭവത്തിനു മുൻദിവസം രാത്രി അമ്മ മദ്യപിച്ച് ബോധരഹിതയായി കിടന്നിരുന്നുവെന്ന് കുട്ടി പൊലീസിനോട് മൊഴി നൽകി. രാവിലെ അമ്മയെ ഉണർത്തിയപ്പോൾ തനിയെ സ്കൂളിലേക്ക് നടന്ന് പോകാൻ ആവശ്യപ്പെട്ടതായും കുട്ടി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ കുട്ടിയുടെ കൈവശം ഫോൺ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കുട്ടി സ്കൂളിലേക്ക് നടന്ന് പോയ വിവരം തനിക്കറിയാമായിരുന്നുവെന്ന് യുവതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും ഉപേക്ഷിച്ചതിനും ലൂസിയക്കെതിരെ കേസെടുത്തു. 15,000 ഡോളർ ജാമ്യം അടച്ചതിനെ തുടർന്ന് യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.














































