ഐസിയുവിലെ സെൽഫി വിവാദം; വീണാ ജോർജ് ആശുപത്രി വിട്ടു.

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ 4 മണിക്കാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർചികിത്സയ്ക്കായി മന്ത്രി കാർ മാർഗം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് തിരിച്ചു.
ഇതിനിടെ, ഐസിയുവിൽ ചികിത്സയിലിരിക്കെ ആരോഗ്യപ്രവർത്തകരോടൊപ്പം മന്ത്രി എടുത്ത സെൽഫി വിവാദമായി. ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് വിശദീകരണം തേടി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകാനിടയുണ്ട്.
അതേസമയം, മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. 55 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കയ്യേറ്റത്തിന്റെ വ്യക്തമായ ദൃശ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടുതൽ ശക്തമായ അന്വേഷണം നടത്താൻ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി.




