ചിരിയിൽ നിന്ന് ചിറകുകളിലേക്ക്: സഞ്ജുവിനെ വണങ്ങി സൂര്യകുമാർ; വൈറലായി ക്യാപ്റ്റന്റെ ‘തലകുനിയൽ’.

കൊൽക്കത്ത : ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്യാപ് ഊരി അഭിവാദ്യം ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരശേഷം സഞ്ജു ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോൾ ഗ്രൗണ്ടിൽ വച്ച് രണ്ട് കൈയും ഉയർത്തി തലകുനിച്ച് തൊപ്പി ഊരി ആദരവ് പ്രകടിപ്പിച്ചാണ് സൂര്യകുമാർ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിരിയോടെ സമീപിച്ച സഞ്ജു ക്യാപ്റ്റനെ ചേർത്ത് പിടിക്കുകയും ചെയ്തു. ബി.സി.സി.ഐ ഉൾപ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
പുരസ്കാര വിതരണച്ചടങ്ങിൽ സഞ്ജുവിനെ വാനോളം പുകഴ്ത്തിയ സൂര്യകുമാർ, “ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കും എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കളിക്കാതിരുന്ന സമയത്ത് അവൻ നടത്തിയ തയ്യാറെടുപ്പുകൾക്ക് ലഭിച്ച പ്രതിഫലമാണ് ഇന്നത്തെ ഇന്നിങ്‌സ്. അവൻ ബാറ്റ് ചെയ്ത രീതി ടീമിനെ പൂർണമായും വിജയത്തിലെത്തിച്ചു,” എന്ന് പ്രതികരിച്ചു.
അതേസമയം, സൂപ്പർ 8 ഘട്ടത്തിന് മുൻപ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചോദ്യം ചിരിച്ചുതള്ളിയ സൂര്യയുടെ പഴയ പ്രതികരണവും വീണ്ടും ചർച്ചയാവുകയാണ്. അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ സംഭവം. സഞ്ജുവിനെ ടീമിലേക്കു ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന്, “അഭിഷേകിന് പകരം ഞാൻ അവനെ ഉൾപ്പെടുത്തണമെന്നാണോ നിങ്ങൾ പറയുന്നത്?” എന്നായിരുന്നു സൂര്യയുടെ ചിരിയോടെയുള്ള മറുപടി. മൂന്നാം നമ്പറിൽ കളിപ്പിക്കാമെന്ന നിർദേശത്തിനും “അപ്പോൾ തിലകിന് പകരം കളിപ്പിക്കണമെന്നാണോ?” എന്ന് ചോദിച്ച് അദ്ദേഹം പ്രതികരിച്ചു. ടോപ്പ് ഓർഡറിൽ നിലവിലെ കൂട്ടുകെട്ടിൽ വിശ്വാസമുണ്ടെന്നും പവർപ്ലേയിലെ ബാറ്റിങ് പ്രശ്നങ്ങൾ ടീം പരിഹരിക്കുമെന്നും സൂര്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ 8 പന്തിൽ 22 റൺസ് നേടി ശ്രദ്ധ നേടിയെങ്കിലും തുടർ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ സൂപ്പർ 8 ഘട്ടത്തിൽ വന്ന മാറ്റങ്ങൾക്കൊടുവിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി മികച്ച തുടക്കം നൽകി സഞ്ജു തന്റെ മികവ് തെളിയിച്ചു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ നിർണായക ഇന്നിങ്‌സോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ വിമർശനങ്ങൾക്കിടയിൽ നിന്നു ഉയർന്നുവരുന്ന ഒരു ശക്തമായ മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നത്.
അന്നു ചിരിച്ചുതള്ളിയ ചോദ്യം ഇന്നിവിടെ ആദരവായി മാറിയപ്പോൾ, സൂര്യകുമാറിന്റെ ‘തലകുനിയൽ’ ക്രിക്കറ്റ് ലോകത്ത് ക്യാപ്റ്റൻ–താരബന്ധത്തിന്റെ മനോഹര ദൃശ്യമെന്ന നിലയിൽ വിലയിരുത്തപ്പെടുകയാണ്.




