KeralaLatest NewsNews

ജസ്‍ലിയുടെ മരണത്തിൽ ഒളിവ് സഹായം: പ്രതി ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ.

കൊച്ചി : വിദ്യാർഥിനിയായ ജസ്‍ലി ജോൺസൺ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


ഡോ. സിറിയക്കിനെതിരെ ഇതിനകം തന്നെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെടാനാണ് സാധ്യത. അപകടം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് പൊലീസിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.


ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷൻ സമീപത്താണ് അപകടം നടന്നത്. വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജസ്‍ലി ജോൺസൺ അങ്കമാലി മോണിങ് സ്റ്റാർ ഹോം സയൻസ് കോളജിലെ വിദ്യാർഥിനിയായിരുന്നു. പാർട്ട്‌ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ച് ജസ്‍ലിയെ തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്‍ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം മൂന്നിന് മരണത്തിന് കീഴടങ്ങി. മരണത്തിനു ശേഷം ജസ്‍ലിയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തിരുന്നു.


അപകടത്തിൽപ്പെട്ട കാർ പിന്നീട് ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്ന് കണ്ടെത്തിയെങ്കിലും വാഹനം ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കോട്ടയം അതിരമ്പുഴയിലെ വീട്ടിലും ബന്ധുവീടുകളുള്ള ഇടുക്കി, ഏലപ്പാറ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല.


അപകടത്തിനു ശേഷം സിറിയക് പിതാവുമായി ബന്ധപ്പെട്ടു സംസാരിച്ചിരുന്നുവെന്ന തെളിവുകൾ ഫോൺ രേഖകളിൽ നിന്ന് ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ പോകാൻ സഹായിച്ചതെന്ന കുറ്റം ചുമത്തി ജോർജ് മാത്യുവിനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി പിന്നീട് അറസ്റ്റ് ചെയ്തത്.


ചാലാക്ക മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് ഡോ. സിറിയക്. അപകടസമയത്ത് കാറിൽ സിറിയക്കിനൊപ്പം ഉണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ ജസ്‍ലിയുടെ കുടുംബവും നേരത്തെ പൊലീസിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.

Show More

Related Articles

Back to top button