കൊച്ചി, 21 മാർച്ച് 2026: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി) കേരള കൗൺസിൽ, ഗെറ്റ് എഐ ഫൗണ്ടേഷനുമായി സഹകരിച്ച് സംസ്ഥാനത്തെ എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്ക് കൃത്രിമബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സൗജന്യ സംരംഭമായ ‘എഐഫൈ കേരള’ നടത്തുന്നു.
മാർച്ച് 28 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി.
ആഗോളതലത്തിൽ സംരംഭങ്ങളിൽ എഐലേക്കുള്ള മാറ്റം അതിവേഗം നടന്നുകൊണ്ടിരിക്കുമ്പോളും, കേരളത്തിലെ പല എംഎസ്എംഇകളും ഇപ്പോഴും എഐ കൃത്യമായി എവിടെ യോജിക്കുമെന്നത് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനു പരിഹാരമായി, എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഘടനാപരവും അനുയോജ്യവുമായ എഐ ചട്ടക്കൂട് നൽകുന്നതിനാണ് എഐഫൈ കേരള ലക്ഷ്യമിടുന്നത്.
“ഇത് ഭാവിയിലേക്കല്ല, മറിച്ച് ഇപ്പോൾ ആവശ്യമായ പരിശീലന സെഷനാണ്. ഇതിലേക്ക് വരുന്ന ഓരോ ബിസിനസ്സ് ഉടമയും വിൽപ്പന, മാർക്കറ്റിംഗ്, ധനകാര്യം, എച്ച്ആർ, ഉപഭോക്തൃ സേവനം പോലുള്ള പ്രവർത്തനങ്ങളിൽ എഐക്ക് വരുത്താൻ കഴിയുന്ന വലിയ വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ തിരികെ പോകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.” ഐസിസി കേരള കൗൺസിലിന്റെ സ്ഥാപക ചെയർമാൻ വിനയ് ജെയിംസ് കൈനാഡി പറഞ്ഞു.
“ഗെറ്റ് എഐഫൗണ്ടേഷൻ സ്ഥാപിച്ചത് താഴെത്തട്ടിലുള്ളവർക്കും എഐ പ്രയോജനപ്പെടുത്തി തൊഴിൽ ശക്തിയും ഉയർച്ചയും നേടാൻ സാധിക്കുന്നതിനുവേണ്ടിയാണ്. ലോകമെമ്പാടും സൗജന്യവും അനുയോജ്യവും പ്രവർത്തനാധിഷ്ഠിതവുമായ പരിശീലന പരിപാടികളിലൂടെ ഇത് കൈവരിക്കുകയാണ് ലക്ഷ്യം. അതിൽ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായുള്ള സഹകരണം പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഗെറ്റ് എഐ ഫൗണ്ടേഷൻ സഹസ്ഥാപകയായ മിയ കൈനാഡി പറഞ്ഞു.
കേരളത്തിന്റെ ബിസിനസ്, ഇന്നൊവേഷൻ രംഗത്തെ പ്രധാന സ്ഥാപനങ്ങളെ ഈ സംരംഭം ഒരുമിച്ച് കൊണ്ടുവരുന്നു. ഐസിസി കേരള കൗൺസിൽ സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഡെലിവറി പങ്കാളിയായി ഗെറ്റ് എഐ ഫൗണ്ടേഷനും ഇക്കോസിസ്റ്റം പങ്കാളിയായി ആതിഥേയം വഹിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷനുമാണ്.
‘എഐഫൈ കേരള’യിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബിസിനസ് ഉടമകൾക്കും സംരംഭകർക്കും www.aifykerala.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.














































