CinemaKeralaLatest News

നിര്‍മാല്യത്തില്‍ വെളിച്ചപ്പാട് തുപ്പുന്ന രംഗം സുരാസുവിന്റെ നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് ടി എം എബ്രഹാം-കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒന്നാം പതിപ്പിന് തുടക്കമായി.

കൊച്ചി: എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രസിദ്ധ സിനിമയായ നിര്‍മാല്യത്തിന്റെ ക്ലൈമാക്‌സ് സീനില്‍ വെളിച്ചപ്പാട് ദേവി വിഗ്രഹത്തെ നോക്കി തുപ്പുന്ന രംഗം സുരാസു എഴുതിയ വിശ്വരൂപം എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ടി എം എബ്രഹാം. കൊച്ചി തീയറ്റര്‍ ഫെസ്റ്റിവല്‍ 2026ന്റെ ആദ്യദിനമായ ഇന്നലെ നാടകവും സെന്‍സറിംഗ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു നാടകകൃത്തായ എബ്രഹാം. സുരാസുവിന്റെ വിശ്വരൂപത്തിന്റെ അവസാനരംഗത്ത് സുരാസു അഭിനയിച്ച ബാലഗോപാല്‍ എന്ന പ്രധാന കഥാപാത്രം കാണികളെ നോക്കി തുപ്പുന്നതോടെയാണ് നാടകം സമാപിക്കുന്നത്. നാടകത്തിന്റെ ആദ്യഅവതരണത്തിന് സാക്ഷ്യം വഹിച്ച എംടി നാടകം കഴിഞ്ഞയുടന്‍ സുരാസുവിനെക്കണ്ട ഈ രംഗം വരാന്‍പോകുന്ന തന്റെ നിര്‍മാല്യം എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ അനുവാദം വാങ്ങുകയായിരുന്നു. നിര്‍മാല്യത്തില്‍ ഒരു പ്രധാന റോളും എംടി സുരാസുവിനു നല്‍കി. വിശ്വരൂപം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ അക്കാലത്ത് ഏറെ പുരോഗമിച്ചിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടോ അത് നടക്കാതെ പോയെന്നും എബ്രഹാം പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ മലയാളത്തിലെ പ്രധാന ചലച്ചിത്രങ്ങളിലൊന്നാകുമായിരുന്നു വിശ്വരൂപം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഭാഷണ പരമ്പരയില്‍ ഇന്ന് (മാര്‍ച്ച് 22) വൈകീട്ട് 4ന് തീയറ്റര്‍ മേക്കിംഗ് എ്ന്ന വിഷയത്തില്‍ ഡോ. നീലം മാന്‍സിങ് ചൗധരി സംസാരിക്കും.

Show More

Related Articles

Back to top button