KeralaLatest NewsNewsPolitics

“പിണറായിക്ക് വിട” എന്ന് ജനവിധി; സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പ്: രമേശ് ചെന്നിത്തല

ആലപ്പുഴ : സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നിലവിലെ സർക്കാരിനെതിരെ ശക്തമായ വിധി രേഖപ്പെടുത്താൻ തയ്യാറായിരിക്കുകയാണെന്നും “പിണറായിക്ക് വിട” എന്ന നിലപാട് ജനങ്ങൾ സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തുമ്പോൾ യുഡിഎഫിന് അനുകൂലമായ വലിയ ജനസാന്നിധ്യം കാണുന്നുവെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണിവയെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ യുഡിഎഫ് ഭരണമാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ കവർച്ചയുമായി ബന്ധപ്പെട്ടവരെ ജനങ്ങൾ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വിവിധ ഇടങ്ങളിൽ പണം വിതരണം ചെയ്യുന്നതായി ആരോപിച്ച അദ്ദേഹം, സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മാറിയതായും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചയുടൻ തന്നെ ബൂത്തുകളിൽ നീണ്ട നിരകൾ രൂപപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ , പാണക്കാട് തങ്ങൾ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളിൽ വോട്ടിങ് യന്ത്ര തകരാറുകൾ കാരണം പോളിംഗ് താത്കാലികമായി തടസ്സപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് ഏകദേശം ഒരു മണിക്കൂർ വോട്ടെടുപ്പ് നിർത്തിവെക്കേണ്ടിവന്നതായി അധികൃതർ അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button