അമേരിക്കൻ സൈനിക താവളങ്ങൾ ഇനി ആവശ്യമില്ലെന്ന് യുഎഇയിൽ ശക്തമായ അഭിപ്രായം.

ദുബായ് : പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുഎഇയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇനി രാജ്യത്തിന് തന്ത്രപരമായ ആസ്തികളല്ലെന്നും അവ തുടരേണ്ടതില്ലെന്ന നിലപാട് ശക്തമാകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
യുഎഇയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അബ്ദുൽഖാലിഖ് അബ്ദുള്ള സാമൂഹ്യമാധ്യമമായ എക്‌സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. യുഎഇയുടെ സുരക്ഷയ്ക്ക് ഇനി അമേരിക്കയുടെ സൈനിക സാന്നിധ്യം നിർണായകമല്ലെന്നും, സമീപകാല സംഘർഷങ്ങളിൽ സ്വന്തം പ്രതിരോധ ശേഷി ഉപയോഗിച്ച് രാജ്യത്തിന് ആക്രമണങ്ങളെ നേരിടാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതിൽ യുഎഇ താൽപര്യം തുടരുന്നുണ്ടെങ്കിലും, വിദേശ സൈനിക താവളങ്ങളെ ആശ്രയിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകാൻ സാധ്യതയുണ്ട്.




