പി.വി. അൻവറിനെതിരെ തൃണമൂൽ കടുത്ത വിമർശനം; ‘ഫ്രോഡ്, ചികിത്സ ആവശ്യം’ എന്ന് ആരോപണം.

ബംഗാൾ : തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പി.വി. അൻവറിന്റെ പ്രസ്താവനക്കെതിരെ പാർട്ടി നേതൃത്വത്തിൽ നിന്ന് രൂക്ഷ പ്രതികരണം. അൻവർ തികഞ്ഞ ‘ഫ്രോഡ്’ ആണെന്നും അധികാരമോഹിയും രാഷ്ട്രീയ സ്ഥിരതയില്ലാത്ത വ്യക്തിയാണെന്നും തൃണമൂൽ കോൺഗ്രസ് ബംഗാൾ സംസ്ഥാന സെക്രട്ടറി വി. ശിവദാസൻ നായർ (ദാസു) ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ വിജയിക്കില്ലെന്നും, അദ്ദേഹം ചേർന്ന ഏതൊരു പാർട്ടിക്കും തിരിച്ചടിയാകും എന്നും ദാസു പറഞ്ഞു.
അൻവർ തൃണമൂൽ കോൺഗ്രസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് പാർട്ടി നേതാവ് മമത ബാനർജിക്ക് അയച്ച കത്തിൽ സിറ്റിങ് എംഎൽഎമാരും മുൻ എംഎൽഎമാരും മുൻ എംപിമാരും അടക്കമുള്ള നിരവധി നേതാക്കൾ തനിക്കൊപ്പം പാർട്ടിയിൽ ചേരുമെന്ന് അവകാശപ്പെട്ടിരുന്നുവെന്ന് ദാസു വ്യക്തമാക്കി. യു. പ്രതിഭ, കോവൂർ കുഞ്ഞുമോൻ, കെ.പി. മോഹനൻ, കെ.കെ. രമ, തോമസ് കെ. തോമസ് തുടങ്ങിയ എംഎൽഎമാരുടെ പേരുകളും കത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കത്തിലെ വിവരങ്ങളുടെ യാഥാർത്ഥ്യം പരിശോധിക്കാൻ മമത ബാനർജിയുടെ നിർദേശപ്രകാരം കേരളത്തിലെത്തി അന്വേഷണം നടത്തിയതായും, പരാമർശിച്ച നേതാക്കൾക്ക് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമായതായും ദാസു പറഞ്ഞു. അൻവറിനെപ്പോലെ ഒരു ഫ്രോഡിനെ ഇതുവരെ കണ്ടിട്ടില്ലെന്നും, മാധ്യമശ്രദ്ധ നേടാനായി അടിസ്ഥാനമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അൻവറിന്റെ മനോനില തകരാറിലാണെന്നും, തിരഞ്ഞെടുപ്പിന് ശേഷം മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ ആവശ്യമാണ് എന്നും ദാസു കൂട്ടിച്ചേർത്തു.




